മൊണാക്കോ: കായികരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം സെർബിയൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ചിന്. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തി കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ മികവിനാണ് ജോക്കോവിച്ച് ലോകത്തെ ഏറ്രവും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം സ്വന്തമാക്കിയത്. 31 കാരനായ ജോക്കോവിച്ച് കൈമുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമത്തിന് ശേഷം തിരിച്ചെത്തിയാണ് 2018ൽ വിംബിൾഡണും യു.എസ് ഓപ്പണും സ്വന്തമാക്കിയത്. ഇത്തവണത്തെ ആസ്ട്രലിയൻ ഓപ്പണും ജോക്കോവിച്ചാണ് നേടിയത്.
ലോകകപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയ ഫ്രാൻസിന്റെ യുവതാരം കെയ്ലിയൻ എംബാപ്പെയേയും എൻ.ബി.എ സൂപ്പർ താരം ലെബ്രോൺ ജെയിംസിനെയും ലോക ഫുട്ബാളർ ലൂക്ക മൊഡ്രിച്ചിനെയും ഫോർമുലവൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണെയും പിന്തള്ളിയാണ് നാലാം തവണ ജോക്കോവിച്ച് ലോറസ് അവാർഡ് സ്വന്തമാക്കിയത്. ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട്, സ്വിസ് ടെന്നീസ് താരം റോജർ ഫെഡറർ എന്നിവർ നേരത്തെ നാലുതവണ പുരസ്കാരം നേടിയിട്ടുണ്ട്.അമേരിക്കൻ ജിംനാസ്റ്റിക് സെൻസേഷൻ സിമോണെ ബൈൽസാണ് മികച്ച വനിതാ താരം.
ലോക ചാമ്പ്യൻഷിപ്പിൽ പുറത്തെടുത്ത മിന്നും പ്രകടനമാണ് 21 കാരിയായ ബൈൽസിനെ പുരസ്കാരത്തിന് അർഹയാക്കിയത്. പുരസ്കാര ചടങ്ങിൽ ഇന്ത്യയ്ക്കും അഭിമാനിക്കാൻ വകയുണ്ട്. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരം സ്ത്രീ ശാക്തീകരണത്തിനായി ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'യുവ" എന്ന എൻ.ജി.ഒ സ്വന്തമാക്കി കായിക ലോകത്തിന്റെ കൈയടി നേടി.കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്ബാൾചാമ്പ്യൻമാരായ ഫ്രാൻസ് ടീമിനാണ് ലോറസ് ലോക ടീമിനുള്ള പുരസ്കാരം.
ബ്രേക്ക്ത്രൂ പുരസ്കാരം ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക്ക സ്വന്തമാക്കി. മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഗോൾഫ് താരം ടൈഗർ വുഡ്സിനാണ്. ലൈഫ് ടൈം അവാർഡിന് മുൻ ആഴ്സണൽ പരിശീലകൻ അഴ്സെയിൻ വെംഗർ അർഹനായി.