ചെന്നെെ: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തമിഴ്നാട്ടിൽ ബി.ജെ.പി എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിലേർപ്പെട്ടു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ചെന്നെെയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് സഖ്യപ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 21 നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്തുണ നൽകുമെന്ന് പീയുഷ് ഗോയൽ അറിയിച്ചു. ആകെ നാൽപത് ലോക്സഭ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഉൾപ്പെടെയുള്ള നേതാക്കളുമായിട്ടാണ് പീയൂഷ് ഗോയൽ ചർച്ച നടത്തിയത്. പുതുച്ചേതിയിലും ഇരു പാർട്ടികളും ഒരുമിച്ച് നിൽക്കും. തമിഴ്നാട്ടിൽ അഞ്ച് മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.
സംസ്ഥാനത്ത് ഒ.പനീർശെൽവത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ സംഖ്യം തിരഞ്ഞെടുപ്പിനെ നേരിടും. കേന്ദ്രത്തിൽ നരേന്ദ്രമോദിയായിരിക്കും നേതൃത്വം വഹിക്കുകയെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.
എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി ചർച്ച നടത്തുന്നത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ആയിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ അത് പീന്നിട് മാറ്റി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ അയക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി വിജയകാന്തുമായും ചർച്ച നടത്തി. ഡി.എം.ഡി.കെ.യും സഖ്യത്തിന്റെ ഭാഗമായേക്കും.