imran-khan

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന ഇന്ത്യയുടെ വാദങ്ങൾ തള്ളിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാൻ മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ആരോപണങ്ങൾ എന്ന ഇമ്രാൻ ഖാന്റെ വാദങ്ങൾ പാടെ തള്ളിയായിരുന്നു ഇന്ത്യയുടെ മറുപടി.


തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമാണ് നടക്കുന്നതെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ പറഞ്ഞു.


ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ പറഞ്ഞിരുന്നു. യുദ്ധം തുടങ്ങിയാൽ അത് എന്തായി തീരുമെന്ന് ദൈവത്തിനേ അറിയൂ എന്ന് ഇന്ത്യ ഓർക്കണം. തിരഞ്ഞെടുപ്പാണ് ആക്രമണത്തെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യയക്ക് പ്രേരകമാകന്നതെന്നും സൈനിക നീക്കം വഴി പരിഹാരം സാദ്ധ്യമല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇന്ത്യയ്ക്കു വേണം. സൗദി ഭരണാധികാരിയുടെ സന്ദർശനം ആസൂത്രണം ചെയ്യുന്ന വേളയിൽ പാകിസ്ഥാൻ എന്തിന് ഇത്തരമൊരു ആക്രമണത്തിന് മുതിരണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാൻ ഖാൻ ചോദിച്ചു.

സംഘർഷം തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി. ഇന്ത്യ ഭീഷണി മുഴക്കുന്നു എന്ന് വിദേശകാര്യമന്ത്രി ഷാമഹമൂദ് ഖുറേഷി ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന് എഴുതിയ കത്തിലുണ്ട്. പാകിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചർച്ച നടത്താൻ ഇന്ത്യയ്ക്ക് യുഎൻ നിർദ്ദേശം നല്കണം എന്നതാണ് കത്തിലെ മറ്റൊരു ആവശ്യം. പ്രശ്നപരിഹാരത്തിനായി യുഎൻ രക്ഷാസമിതിയെയും പാകിസ്ഥാൻ സമീപിച്ചിട്ടുണ്ട്.

പുൽവാമാ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രതികരണത്തിൽ അദ്‌ഭുതമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജെയ്ഷെ മുഹമ്മദിന്റെ അവകാശവാദം ഇതെല്ലാം സംഭവത്തിൽ പാകിസ്ഥാനുള്ള പങ്ക് തെളിയിക്കുന്നു. അത് അവഗണിച്ചുകൊണ്ടാണ് പാക് പ്രധാനമന്ത്രി പ്രതികരിച്ചത്. ജെയ്ഷെ മുഹമ്മദിനെ പാകിസ്ഥാൻ സഹായിക്കുന്ന കാര്യം പരസ്യമാണ്. 26/11ലെ മുംബയ് ഭീകരാക്രമണത്തിലും പാകിസ്ഥാൻ ആവശ്യപ്പെട്ട പ്രകാരം ഇന്ത്യ തെളിവ് നൽകിയിരുന്നു.

പത്തുവർഷമായിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.തെളിവ് നൽകിയാൽ നടപടിയെന്നത് പൊള്ളയായ വാഗ്‌ദാനമാണെന്നും തെളിഞ്ഞു.

ആക്രമണത്തെ അപലപിക്കാനും മരിച്ച ധീരൻമാരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും പാക് പ്രധാനമന്ത്രി ശ്രിച്ചില്ല.പാക് പ്രധാനമന്ത്രി വാഴ്‌ത്തുന്ന പുതിയ പാകിസ്ഥാനിലെ മന്ത്രിമാർ ഹഫീസ് സയ്യിദിനെപ്പോലുള്ള ഭീകരർക്കൊപ്പം വേദി പങ്കിടുന്നവരാണ്. ഭീകരതയുടെ ഇരയാണ് പാകിസ്ഥാനെന്ന വാദവും തെറ്റാണ്. പാകിസ്ഥാൻ ഭീകരപ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനമാണെന്ന് അന്താരാഷ്‌ട്ര സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്താരാഷ്‌ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് പുൽവാമാ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ വ്യക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.