up

ന്യൂഡൽഹി: സ്‌റ്റാർട്ടപ്പുകൾക്കും സംരംഭക ലോകത്തേക്ക് പുതുതായി കടക്കാൻ ആശിക്കുന്നവർക്കും ആശ്വാസമേകുന്ന നടപടിയുമായി കേന്ദ്രസർക്കാർ. നിക്ഷേപങ്ങൾക്കുള്ള നികുതിയിളവിന്റെ പരിധി ഉയർത്തിയതിന് പുറമേ,​ സ്‌റ്റാർട്ടപ്പുകളുടെ നിർവചനം കേന്ദ്രസർക്കാർ സംരംഭക സൗഹൃദവുമാക്കി.

ഏഞ്ചൽ നിക്ഷേപകരിൽ നിന്നുൾപ്പെടെ ലഭിക്കുന്ന നിക്ഷേപം പത്തു കോടി രൂപയിൽ താഴെയാണെങ്കിൽ മാത്രമാണ് നികുതിയിളവുണ്ടായിരുന്നുള്ളൂ. ഈ പരിധി 25 കോടിയാക്കി. 1961ലെ ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 56(2)​ ഭേദഗതി ചെയ്‌തു.

ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്തതും 100 കോടി രൂപവരെ മൂല്യമുള്ളതോ 250 കോടി രൂപവരെ വിറ്റുവരവുള്ളതോ ആയ കമ്പനികൾ,​ യോഗ്യതയുള്ള സ്‌റ്റാർട്ടപ്പുകളിൽ നടത്തുന്ന 25 കോടി രൂപയ്‌ക്കുമേൽ വരുന്ന നിക്ഷേപത്തിനും നികുതി ഇളവ് നേടാൻ വ്യവസ്ഥയുണ്ട്. പ്രവാസികൾ,​ ഓൾട്ടർനേറ്റ് ഇൻവെസ്‌റ്റ്മെന്റ് ഫണ്ട്‌സ് (എ.ഐ.എഫ്)​ എന്നിവ നടത്തുന്ന നിക്ഷേപത്തിനും ഇളവ് നേടാം.

പ്രവർത്തനാരംഭം അല്ലെങ്കിൽ രജിസ്‌ട്രേഷൻ മുതൽ ഏഴുവർഷം വരെ പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങളെയാണ് സ്‌റ്റാർട്ടപ്പുകളായി നിലവിൽ പരിഗണിക്കുന്നത്. ഇത് പത്തുവർഷത്തിലേക്ക് ഉയർത്തുകയും ചെയ്‌തു.

പ്രവർത്തനം തുടങ്ങി ഇതുവരെ ഒരു സാമ്പത്തിക വർഷത്തിലും 25 കോടി രൂപയ്‌ക്കുമേൽ വിറ്റുവരവ് രേഖപ്പെടുത്തിയിട്ടില്ലാത്തവയ്ക്ക് മാത്രമാണ് സ്‌റ്റാർട്ടപ്പ് പദവി ലഭിച്ചിരുന്നത്. ഇതിന്റെ പരിധി 100 കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ വിപണി മൂല്യത്തേക്കാൾ ഉയർന്ന നിക്ഷേപം ഏതെങ്കിലും സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾ സ്വീകരിച്ചാൽ അത് മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനമായി കണക്കാക്കി,​ 30 ശതമാനം നികുതി ഈടാക്കാനും വ്യവസ്ഥയുണ്ട്.

കിട്ടാക്കടം: ഇറ്റലിയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ലോകത്ത് മൊത്തം നിഷ്‌ക്രിയ ആസ്‌തി (കിട്ടാക്കടം)​ അനുപാതത്തിൽ ഇറ്റലിയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. 2018 സെപ്‌തംബറിലെ കണക്കനുസരിച്ച് മൊത്തം വായ്‌പയുടെ 10.3 ശതമാനം കിട്ടാക്കടം രേഖപ്പെടുത്തിയാണ് ഈ നാണക്കേടിന്റെ പട്ടം ഇറ്റലിയിൽ നിന്ന് ഇന്ത്യ സ്വീകരിച്ചത്. ഇറ്റലിയുടെ കിട്ടാക്കട അനുപാതം 9.9 ശതമാനമാണ്.

ബ്രസീൽ (3.2 ശതമാനം)​,​ ഫ്രാൻസ് (2.9 ശതമാനം)​,​ ചൈന (1.9 ശതമാനം)​,​ ജർമ്മനി (1.5 ശതമാനം)​,​ ബ്രിട്ടൻ (1.2 ശതമാനം)​,​ ജപ്പാൻ (1.1 ശതമാനം)​,​ അമേരിക്ക (0.9 ശതമാനം)​,​ കാനഡ (0.4 ശതമാനം)​ എന്നിവയാണ് ടോപ് 10ൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ.