vt-balram

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വരുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ന്യായീകരങ്ങൾക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ലാലി പി.എമ്മിന്റെ പോസ്റ്റ് പങ്കുവച്ചായിരുന്നു വി.ടി ബൽറാമിന്റെ പ്രതികരണം.

'വീടുപണിക്കിടെ ഇഷ്ടിക തലയിൽ വീണല്ല കൃപേഷ് മരിച്ചത്. സി.പി.എമ്മിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൊത്തിയരിഞ്ഞതാണെന്നും' എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. 'പാർട്ടിക്ക് ആത്മാർഥത കൊല്ലപ്പെട്ടവരെ കുറിച്ച് ഉണ്ടെങ്കിൽ അഭിമന്യുവിന്റെ വീട്ടുകാർക്ക് നൽകിയ അതേ പരിഗണന കൃപേഷിനും ശരത് ലാലിനും നൽകുകയാണ് വേണ്ടത്' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ലാലി പി.എം പങ്കുവച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വി.ടി ബൽറാം വിമർശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

#ക്രിപിഎം നെ പൗഡറിട്ട് മിനുക്കിയെടുക്കാൻ സാംസ്ക്കാരിക ക്രിമിനലുകൾ പല പുതിയ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്.

വീടുപണിക്കിടെ ഇഷ്ടിക തലയിൽ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൊത്തിയരിഞ്ഞതാണ്. അതുകൊണ്ട് നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാർക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകൾ തൊട്ട് അത്തരമൊരു പ്രവർത്തന സ്വാതന്ത്ര്യം നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ എതിരഭിപ്രായമുള്ളവർക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ.

ബലാത്സംഗം ചെയ്ത വില്ലനേക്കൊണ്ട് ഇരയെ വിവാഹം ചെയ്യിച്ച് എല്ലാം സോൾവ് ആക്കുന്ന യമണ്ടൻ പരിഹാരക്രിയ പണ്ടത്തെ സിനിമയിലൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്, അതിങ്ങോട്ട് എടുക്കണ്ട.