ന്യൂഡൽഹി: ഭീകരവാദത്തെ എതിരിടാൻ ഇന്ത്യയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ. ഭീകരരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യയോടൊപ്പം പ്രവർത്തിക്കുമെന്ന് യുഎസും അറിയിച്ചു.
ഇന്ത്യയിൽ പുതിയതായി നിയമിതനായ ഇസ്രായേൽ സ്ഥാനപതി ഡോ. റോൺ മൽക്ക ആണ് പിന്തുണ അറിയിച്ചത്. ഇന്ത്യയ്ക് പ്രതിരോധിക്കാൻ എന്താണോ ആവശ്യം, അതു ഉപാധികളില്ലാതെ നൽകും. ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന വിപത്താണ് ഭീകരവാദമാണെന്ന് റോൺ പറഞ്ഞു.
തങ്ങളുടെ ഉറ്റസുഹൃത്തായ ഇന്ത്യയുമായി അറിവ്, സാങ്കേതിക വിദ്യ തുടങ്ങിയവ പങ്കുവയ്ക്കും. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഇന്ത്യയിലേക്കു സ്ഥാനപതിയായി നിയോഗിച്ചപ്പോൾ, ഈ രാജ്യം സുപ്രധാനമായ സുഹൃത്താണെന്നും ബന്ധം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും റോൺ പറഞ്ഞു.
അതേസമയം ഭീകരാക്രമണത്തിനു മറുപടി നൽകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ ആവർത്തിച്ചു യുഎസ് രംഗത്തെത്തി. ഭീകരപ്രവർത്തനങ്ങളെ വേരോടെ അറുക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ ബെംഗളൂരുവിൽ പറഞ്ഞു.