-pulwama-terror-attack

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ച് ഒരാഴ്ച പിന്നിടുന്നതേ ഉള്ളൂ. ഇതേസമയം കാശ്മീരിലെ ബരാമുള്ള ജില്ലയിൽ ഇന്ന് ഇന്ത്യൻ സെെന്യത്തിന്റെ ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനെത്തിയത് 2,500 ഓളം കശ്മീരി യുവാക്കളാണ്. എന്നാൽ ആകെ 111 ഒഴിവിലേക്കാണ് ആർമി റിക്രൂട്ട്മെന്റ് നടന്നത്.

സംസ്ഥാനത്ത് നിലനിൽക്കുന്ന തൊഴിലില്ലാഴ്മയാണ് ഇത്രയും പേർ പങ്കെടുക്കാൻ കാരണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സെെന്യത്തിൽ ചേരുകയാണെങ്കിൽ രാജ്യത്തെ സേവിക്കാൻ കഴിയും. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും പറ്റും. കാശ്മീർ താഴ്‌വരയിൽ ജോലി കിട്ടാൻ എളുപ്പമല്ലെന്നു ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥികൾ പറഞ്ഞു.

കൂടുതൽ ഒഴിവുകൾ ഉണ്ടാകണമെന്നാണ് ‌‌ഞങ്ങളുടെ ആഗ്രഹം. പ്രശ്‌നബാധിത പ്രദേശങ്ങളിൽ കാശ്മീരി യുവാക്കളെ നിയോഗിക്കുകയാണെങ്കിൽ പ്രദേശവാസികളോട് ആശയവിനിമയം നടത്താൻ കൂടുതൽ സൗകര്യമാണെന്ന് ഉദ്യോർത്ഥികൾ പറഞ്ഞു. സംഘർഷങ്ങൾ കുറയ്ക്കാൻ ‌‌ഞങ്ങൾക്ക് സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ സേവിക്കാനും തൊഴിലിന് വേണ്ടിയും ആയിരക്കണക്കിന് യുവാക്കളാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനെത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.