peethambaran-periya-murd

കാസർകോട്: പെരിയയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയത് താൻ തന്നെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരൻ. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്‌തതെന്നും, മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. കസ്‌റ്റഡിയിലുള്ള ആറുപേരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തിട്ടുള്ളവരാണെന്നാണ് സൂചന.

അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃപേഷും ശരത് ലാലും ചേർന്നാക്രമിച്ച കേസിൽ പാർട്ടി ഇടപെടൽ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയിരുന്നെന്നും പ്രതികളുടെ മൊഴിയിൽ പറയുന്നു. എന്നാൽ ഇത് കേസ് ഗതി തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. കൊല്ലപ്പെട്ട യുവാക്കളുടെ ശരീരത്തിലെ മുറിവുകൾ പരിശോധിക്കുമ്പോൾ, അത് കൊലപാതകത്തിൽ മുൻപരിചയമുള്ള കൊട്ടേഷൻ സംഘങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതാണ് പൊലീസിനെ കുഴയ്‌ക്കുന്നതും.

പീതാംബരൻ പറയുന്നത്

കൃപേഷും ശരത് ലാലും പെരിയയിൽ വച്ച് തന്നെ ആക്രമിച്ചു. അന്ന് കൈ ഒടിഞ്ഞനിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്‌‌റ്റർ ചെയ്‌തെങ്കിലും കൃപേഷ് ഉൾപ്പെടെയുള്ളവർക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം പൊലീസ് കൈകൊണ്ടില്ല. ഇതേ ആവശ്യം പാർട്ടി തലത്തിലും ഉന്നയിച്ചെങ്കിലും അവിടുന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. സഹായത്തിന് അവർ ഉണ്ടാകുമെന്ന് ഉറപ്പുനൽകി. സുഹൃത്തുക്കളുടെ സഹായത്തോടെ കൊല നടത്തിയത്.

എന്നാൽ പീതാംബരൻ കുറ്റം സ്വയം ഏൽക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്‌ക്കാണ് പീതാംബരന്റെ മൊഴി. ഇത് പൂർണമായും വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം.