photo

ലക്കിടി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വീട്ടിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. വസന്തകുമാറിന്റെ ഭാര്യക്ക് ജോലി സ്ഥിരപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. നിലവിൽ വസന്തകുമാറിന്റെ ഭാര്യ ഷീന വെറ്ററിനറി യൂണിവേഴിസിറ്റിയിൽ താല്കാലിക ജോലിയിലാണ്. കേരള പൊലീസിൽ എസ്.ഐ പോസ്റ്റിൽ ജോലി നൽകാം അല്ലെങ്കിൽ നിലവിൽ ജോലി ചെയ്യുന്ന വെറ്രറിനറി യൂണിവേഴ്സിറ്റിയിൽ സ്ഥിരപ്പെടുത്താമെന്നും അദ്ദേഹം ഉറപ്പ് നൽകി.

അതേസമയം,​വസന്തകുമാറിന്റെ ഭാര്യ ഷീന മുഖ്യമന്ത്രിയോട് ചില ആവശ്യങ്ങളും അറിയിച്ചിരുന്നു. വസന്തകുമാറിന്റെ സഹോദരിക്ക് ഒരു സ്ഥിര ജോലി നൽകണമെന്നും. ഇപ്പോൾ താമസിക്കുന്ന വീടിനും സ്ഥലത്തിനും രേഖകൾ ഇല്ല. അതുകൊണ്ട് രേഖകൾ അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ നിലവിൽ താമസിക്കുന്ന വീടിന് പകരം മറ്റെവിടെയെങ്കിലും ഒരു വീട് വച്ച് നൽകണമെന്നും ഷീന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി ഇ.പി ജയരാജനും,​ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,​ മുഖ്യമന്ത്രിയുടെ ഭാര്യയും ഉണ്ടായിരുന്നു. പതിനഞ്ച് മിനിറ്റോളം ചിലവഴിച്ച ശേഷമാണ് അദ്ദേഹം തിരികെ പോയത്.