പെരിയ: കാസർകോട് പെരിയയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പിടിയിലായ സി.പി.എം ലോക്കൽ കമ്മിറ്റി അഗം പീതാംബരൻ നിരവധി കേസുകളിലെ പ്രതി. കഴിഞ്ഞ വർഷം ഇരിയയിലെ വീടുകത്തിക്കൽ, കല്യോട്ടെ വാദ്യകലാസംഘം ഓഫീസിന് തീയിടൽ, പെരിയ മൂരിയാനത്തെ മഹേഷിനെ തലയ്‌ക്കടിച്ച സംഭവം തുടങ്ങിയ കേസുകളിലെല്ലാം പീതാംബരൻ പ്രതിയാണ്.
കുടുക്കിയത് കൃപേഷിന്റെ അച്ഛന്റെ വാക്കുകൾ
കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വാക്കുകളാണ് പീതാംബരനെ സംശയത്തിന്റെ നിഴലിലാക്കിയത്. താനും കമ്മ്യൂണിസ്റ്റുകാരൻ ആണെന്നും പാർട്ടിക്കാരായ പീതാംബരനും വത്സനും അറിയാതെ കൃപേഷിനെ കൊല്ലില്ലെന്നും കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പീതാംബരനെ ആക്രമിച്ച കേസിലാണ് ശരത് റിമാൻഡിൽ കഴിഞ്ഞത്. കൃപേഷും ആ കേസിൽ ആറാം പ്രതിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി പൊലീസ് ഒഴിവാക്കിയതാണ്. സംഭവത്തിനുശേഷം ഭീഷണിയുടെ നിഴലിലായിരുന്നു ഇരുവരും.
തള്ളിപ്പറഞ്ഞ് സി.പി.എം
കൊലപാതകവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഏരിയ, ജില്ലാ നേതാക്കൾ അവകാശപ്പെട്ടെങ്കിലും പീതാംബരൻ പിടിയിലായതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. പീതാംബരൻ ഉൾപ്പെടെ സി.പി.എം അംഗങ്ങൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ തള്ളിപ്പറയാൻ കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരനും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി ഓഫീസായ കാസർകോട് വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തിൽ വാർത്താസമ്മേളനം വിളിക്കേണ്ടിവന്നു.
പീതാംബരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കൊലയാളികൾ സഞ്ചരിച്ചു എന്ന് കരുതുന്ന കാർ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്‌തോടെയാണ് കൊലയാളി സംഘത്തിലെ പാർട്ടിക്കാരെ സി.പി.എം തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെത്തേ പറഞ്ഞത് സി.പി.എം നേതാക്കൾ ആവർത്തിക്കുകയും മുഖം നോക്കാതെ അന്വേഷണം നടത്താൻ പൊലീസിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
വിശ്വസിക്കാതെ പൊലീസും
കഞ്ചാവിന്റെ സ്വാധീനത്തിൽ താൻ തന്നെയാണ് യുവാക്കളെ വെട്ടിയതെന്നാണ് പീതാംബരന്റെ മൊഴി. എന്നാൽ ഇയാളുടെപൊലീസ് വിശ്വസിച്ചിട്ടില്ല.പീതാംബരൻ കുറ്റം സ്വയം ഏൽക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കാണ് പീതാംബരന്റെ മൊഴി. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം.