mullappally-ramachandran

അടിമാലി: കാസർകോട് ഇരട്ടക്കൊലപാതകം നടന്നത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരോളിൽ ഇറങ്ങിയപ്പോഴെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊലപാതകത്തിന് പിന്നിൽ ടി.പി.വധക്കേസിലെ പ്രതികളുടെ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനമഹായാത്രയ്‌ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സി.പി.എമ്മിന്റെ അറിവോടെതന്നെയാണ് കൊലപാതകം നടന്നത്. ഇത് ആസൂത്രണം ചെയ്‌തതും സി.പി.എം ആണ്. ഇവർക്ക് ഇതിൽനിന്ന് മാറിനിൽക്കാൻ കഴിയില്ല. ഇന്ത്യയിൽ രാഷ്ടീയ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. ഇതിന് കാരണം കേരളവും കേന്ദ്രവും ഭരിക്കുന്ന പാർട്ടികൾക്കാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കുവാൻ സി.പി.എമ്മിന് കഴിയില്ല. ഇതിനുദാഹരണമാണ് ദേവികുളം എം.എൽ.എയുടെ സബ് കളക്ടറോടുള്ള സംസാരമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി കർഷകരെ മറന്നു. ബാങ്കുകൾ മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ചെണ്ടകൊട്ടി കർഷകരെത്തേടി വീടുകളിൽ എത്തുന്നു. അഞ്ചു കർഷകർ മൂന്നുമാസത്തിനിടയിൽ ഇടുക്കിയിൽ ജീവനൊടുക്കി. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്കും കൃഷി നശിച്ചവർക്കും നയാപൈസ സംസ്ഥാന സർക്കാർ നൽകിയില്ല. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.