isis

ബ്രിട്ടൺ: ജന്മം നൽകിയ കുഞ്ഞിനെ വളർത്താനായി ബ്രിട്ടനിലേക്ക് തിരികെ എത്താൻ ആഗ്രഹം പ്രകടിപ്പിച്ച ഐസിസ് പെൺകുട്ടിയുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവദിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയയിലെ അഭയാർത്ഥി ക്യാംപിൽ ഷെമീമ ബീഗം ഐസിസ് ഭീകരന്റെ കുഞ്ഞിന് ജന്മം നൽകിയത്.

കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ഷെമീമ ബീഗം ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെ ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിക്കുകയായിരുന്നു.

1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് പ്രത്യേ അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ല എന്ന് മാത്രമാണ് പറയുന്നത്. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടിഷ് പൗരത്വം തിരിച്ചെടുത്തത്.

ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ച് ഹോം ഓഫിസിന്റെ കത്ത് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു അയച്ചിരുന്നു. ഹോം സെക്രട്ടിറിയുടെ പ്രത്യേക നിർദേശപ്രകാരമുള്ള നടപടിയാണ് ഇതെന്നും തീരുമാനം മകളെ അറിയിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം,​ പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ചയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ ഇത് തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. തുടർന്ന് അഭയാർഥി ക്യാംപിൽ വച്ച് കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമിൽതന്നെ വളർത്തുമെന്നും ഐസിസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും മാധ്യമങ്ങളോടു വെളിപ്പെടുത്തി. ബ്രിട്ടനിലേക്ക് തിരികെയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ മടിയില്ലെന്നും അവർ വ്യക്തമാക്കി. ഛേദിക്കപ്പെട്ട തലകൾ മാലിന്യ കൂമ്പാരത്തിൽ പലപ്പോഴും കണ്ടിട്ടുണ്ട് അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും ഐസിസിന്റെ ചെയ്തികൾ തെറ്റ‌ാണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഷെമീമ പറയുന്നു. ഇത്തരത്തിൽ രാജ്യം വിട്ട നിരവധിപേരുടെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയിട്ടുണ്ട്.

ബ്രിട്ടൻ ഐസിസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ പ്രതികാരമായിരുന്നു മാ‌ഞ്ചസ്റ്റ‌ർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരം പ്രകോപനപരമായ വെളിപ്പെടുത്തലിന് പിന്നാലെയാണ് ബ്രിട്ടൻ പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടനെ നയിച്ചത്.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ 2015ലാണ് ഷെമീമ രണ്ട് സുഹൃത്തുക്കൾക്കൊപ്പം സിറിയയിലേക്ക് കടന്നത്. രാജ്യം വിടുമ്പോൾ ഷെമീമയ്ക്ക് പതിനഞ്ച് വയസായിരുന്നു. ലണ്ടനിൽ നിന്ന് തുർക്കിയിലേക്ക് കടന്ന ഇവർ പിന്നീട് സിറിയയിലേക്ക് കടക്കുകയും ചെയ്തു. തുടർന്ന് ഐസിസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിക്കുകയായിരുന്നു. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയിരുന്നു. തുടർന്ന് പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്കു മതം മാറിയ ഒരു ഡച്ചുകാരനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്ക് രണ്ട് കുട്ടികൾ ജനിച്ചിരുന്നെങ്കിലും രണ്ടു പേരും മരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതിനാലാണ് മൂന്നാമത്തെ കുട്ടിയെ ബ്രിട്ടനിൽ വളർത്താൻ ഷെമീമ തീരുമാനിച്ചത്.