anil-ambani

ന്യൂഡൽഹി: അനിൽ അംബാനിക്കെതിരെ കോടതിയലക്ഷ്യനടപടി. എറിക്സൺ കമ്പനിക്ക് നൽകാനുള്ള സുപ്രീംകോടതിയുടെ വിധി അനുസരിക്കാത്തതിലാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ജസ്റ്റ‌ിസ് നരിമാൻ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

എറിക്‌സൺ കമ്പനിക്ക് മൊബൈൽ ഫോണുകൾ നിർമ്മിച്ച നൽകിയ വകയിൽ 550കോടി രൂപയാണ് നൽകാനുള്ളത്. ഒരുമാസത്തിനകം കുടിശിക തുക അടയ്ക്കണമെന്നും കോടതി വിധി അനുസരിക്കാത്ത പക്ഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മൂന്ന് മാസത്തേക്കാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരിക.

മാത്രമല്ല അംബാനിക്ക് പുറമെയുള്ള മറ്റ് മൂന്നുകക്ഷികൾ ഒരുകോടി രൂപ വീതം സുപ്രീംകോടതിയിൽ പിഴയടക്കാനും നിർദേശിച്ചിട്ടുണ്ട്. അനിൽ അംബാനിക്ക് പുറമെ റിലയൻസ് ടെലികോം ചെയർമാൻ സിതീഷ് സേഠ്, റിലയൻസ് ഇഫ്രാടെൽ ചെയർപേഴ്‌സൺ ഛായാ വിരാണി, എസ്.ബി.ഐ ചെയർമാൻ എന്നിവരാണ് എറിക്‌സണ്‍ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിലെ എതിർ കക്ഷികൾ.

അതേസമയം കുടിശിക തുക നൽകാൻ വൈകിയതിൽ മാപ്പപേക്ഷിച്ച് അനിൽ അംബാനി സമർപ്പിച്ച ഹർജി കോടതി തള്ളി. നേരത്തേ കുടിശിക തിരിച്ചടക്കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോൾ തന്റെ കമ്പനി നഷ്ടത്തിലാണെന്നും വിൽക്കാനുള്ള തീരുമാനത്തിലാണെന്നുമായിരുന്നു അനിൽ അംബാനി വാദിച്ചത്. എന്നാൽ റഫേൽ ഇടപാടിൽ വലിയ തുക നിക്ഷേപിക്കാൻ അംബാനിയുടെ കമ്പനിക്ക് കഴിയുമെങ്കിൽ കുടിശികയായ ചെറിയ തുക നൽകാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്ന് എറിക്സൺ കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് അംബാനിക്ക് കുടിശിക തിരിച്ചടക്കാൻ ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.