peethambaran-wife

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കൂട്ടിലായ സി.പി.എം വീണ്ടും പ്രതിരോധത്തിൽ. പാർട്ടി പറയാതെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരൻ ഒന്നും ചെയ്യില്ലെന്ന നിലപാടുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയതാണ് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. പീതാംബരന്റെ ഭാര്യ മഞ്ജുവാണ് പാർട്ടി അറിയാതെ പീതാംബരൻ ഒന്നും ചെയ്യില്ലെന്നും, നേരത്തെ പീതാംബരൻ ചെയ്തതെല്ലാം പാർട്ടി പറഞ്ഞിട്ടാണെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത്.

സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് പീതാംബരന്റെ ഭാര്യയും മകൾ ദേവികയും സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച്‌കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വന്നതുകൊണ്ടാണ് പിതാവിനെ അവർ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നായിരുന്നു ദേവിക പറയുന്നു പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കമെന്നും ഇരുവരും വ്യക്തമാക്കുന്നു.

കൈ ഒടിഞ്ഞിരിക്കുന്ന മകന് കൊലപാതകത്തിൽ പങ്കാളിയാകാനാവില്ലെന്ന് പീതാംബരന്റെ അമ്മ കൂട്ടിച്ചേർത്തു. യൂത്ത്‌കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം പെരിയലോക്കൽ കമ്മറ്റി അംഗമായ പീതാംബരന്റെ അറസ്റ്റ് ഇന്നലെപോലീസ്‌രേഖപ്പെടുത്തിയിരുന്നു. പീതാംബരനൊപ്പം മറ്റ് ആറുപേരെ കൂടിപോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻവൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നാണ് പീതാംബരൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.