kochi-fire-breaks

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ സ്വകാര്യ ഗോഡൗണിൽ വൻ തീപിടിത്തം. ചെരുപ്പു കമ്പനിയായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിൽ നിന്ന് തീയണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സമീപപ്രദേശങ്ങളിലെല്ലാം കനത്തപുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഗോഡൗണിനടുത്തുണ്ടെന്നുള്ളത് വെല്ലുവിളി ഉയർത്തുന്നുണ്ട്. കത്തിയമർന്ന സാധനങ്ങൾ താഴേക്കു വീഴുന്ന പ്രവണതയും നിലനിൽക്കുകയാണ്.

kochi-fire-breaks-out

അഞ്ചു നിലയുള്ള കെട്ടിടത്തിൽ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോ‌ർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. അഞ്ചു നിലയിലും തീ പടർന്നിരിക്കുകയാണ്. സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ തീപിടിത്തമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ.

കെട്ടിടത്തിന് പൂർണമായും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ അഗ്നിരക്ഷാസേന ഇവിടേക്ക് തിരിച്ചിട്ടുണ്ട്. റോഡ് ഗതാഗതവും മെട്രോ നിർമാണ ജോലികളും നിലവിൽ നിറുത്തിവച്ചിരിക്കുകയാണ്. എന്നാൽ റെയിൽ ഗതാഗതത്തെ തീപിടിത്തം ബാധിച്ചിട്ടില്ല.