rape-

നാഗ്പൂർ: വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ സുഹൃത്തും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്ത യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂ‌ർ സ്വദേശിയായ 22കാരിയാണ് മനംനൊന്ത് ജീവനൊടുക്കിയത്. വീടിനുള്ളിൽ മരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്നെ നശിപ്പിച്ചവരെ വെറുതെ വിടരുതെന്നും വധശിക്ഷ നൽകണമെന്നും കുറിപ്പെഴുതി വച്ച ശേഷമായിരുന്നു യുവതിയുടെ ആത്മഹത്യ.

സംസാരിക്കണമെന്ന് പറഞ്ഞ് സുഹൃത്ത് ഫെബ്രുവരി 15ന് പെൺകുട്ടിയെ മൊറാദിലേക്കുള്ള ബസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും. പെൺകുട്ടി അബോധാവസ്ഥയിലായ ശേഷം സുഹൃത്തും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയെ വഴിയരികിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ പീഡനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് പത്തിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.