alencier-apologised-mohan

തന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും മാപ്പു ചോദിച്ച് നടൻ അലൻസിയർ. നടി ദിവ്യാ ഗോപിനാഥാണ് അലൻസിയറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഇത് വിവാദമായതിനെ തുടർന്ന് ദിവ്യ നടനെതിരെ കേസ് നൽകുകയും ചെയ്‌തിരുന്നു. കേസ് അവസാനിപ്പിക്കണമെങ്കിൽ പരസ്യമായി അലൻസിയർ മാപ്പു പറയണമെന്ന നിർദേശമാണ് നടി മുന്നോട്ടു വച്ചത്. ഇതിനെ തുടർന്നാണ് അലൻസിയറിന്റെ ഏറ്റുപറച്ചിൽ.

'ഞാനൊരു സന്യാസിയല്ല, പച്ച മനുഷ്യനാണ്. മറ്റുള്ളവരെ പോലെ ചിലതെറ്റുകുറ്റങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. പരിതപിക്കുക എന്നത് മാത്രമാണ് അതിൽ നിന്നും പുറത്തുകടക്കാനുള്ള ഏക മാർഗം. എന്റെ പ്രവർത്തികൾ കൊണ്ട് ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ അതിന് പൂർണമായും ഞാൻ മാപ്പു ചോദിക്കുകയാണ്. എന്റെ ഭാര്യ‌യ്‌ക്കും മക്കൾക്കും ഇതു സംബന്ധിച്ച് ഞാൻ ഉറപ്പും നൽകി കഴിഞ്ഞു.'-അലൻസിയറിന്റെ വാക്കുകൾ.

അതേസമയം, അലൻസിയർ മാപ്പു ചോദിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ദിവ്യ പ്രതികരിച്ചു. ഇനി കേസുമായി മുന്നോട്ടു പോകാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്‌ബുക്കിലൂടെയാണ് ദിവ്യ അലൻസിയറിനെതിരെ രംഗത്തെത്തിയത്.

തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ നടൻ മോഹൻലാലിനെതിരെയും അലൻസിയർ തോക്കു ചൂണ്ടി പ്രതിഷേധം നടത്തിയിരുന്നു. ഇതും വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്.