സുമം തിടുക്കത്തിൽ ടൊയോട്ട സ്റ്റാർട്ടു ചെയ്തു. ഒന്നും മനസ്സിലാകാതെ...
ബാക്കി വനിതാ പോലീസുകാരും സംശയത്തോടെ വിജയയെ നോക്കി.
''എന്താ മേഡം?"
പിന്നിലിരുന്ന് സി.പി.ഒ നിർമ്മല തിരക്കി.
''പറയാം." വിജയ തിടുക്കം കൂട്ടി.
''സുമം... ക്വിക്ക്."
സുമത്തിന്റെ കാൽ ക്ളച്ചിൽ അമർന്നു. ഗിയർ മിന്നൽ വേഗത്തിൽ വീണു. അവൾ ആക്സിലറേറ്റർ ഞെരിച്ചു.
എടുത്തുചാടും പോലെ ടൊയോട്ട മുന്നോട്ടു കുതിച്ചു.
തൊട്ടു മുന്നിലെ വളവിൽ എത്തിയിരുന്നു സുമോ...
വിജയ പെട്ടെന്ന് സെൽഫോൺ എടുത്ത് 'റെഡ്' വാട്സ് ആപ്പിൽപ്പെട്ടവർക്ക് ഒരു മെസേജ് നൽകി.
സുമോ അപ്പോഴേക്കും വൺ-വേ പിന്നിട്ട് കോഴഞ്ചേരി - നാരങ്ങാനം റോഡിലേക്കു കയറി. ഒപ്പം വലത്തേക്കു വെട്ടിത്തിരിഞ്ഞു.
ആ സമയം നാരങ്ങാനം ഭാഗത്തുനിന്ന് ചീറി വന്ന രണ്ട് ടോറസ് ലോറികൾ സുമോയ്ക്കും ടൊയോട്ടയ്ക്കും മദ്ധ്യേ ആയി...
''ഛേ.." വിജയ കൈ ചുരുട്ടി ഡാഷ് ബോർഡിനു മീതെ ഇടിച്ചു.
എതിർ ദിശയിലേക്കും ധാരാളം വണ്ടികൾ വരുന്നുണ്ടായിരുന്നതിനാൽ പിങ്ക് പോലീസിന് ഓവർടേക്കു ചെയ്യാനും കഴിയുന്നില്ല...
''ഹോണടിക്കരുത് സുമം." വിജയ ഡ്രൈവർക്കു നിർദ്ദേശം നൽകി.
കോഴഞ്ചേരി - തെക്കേമല റോഡിലെ സിഗ്നൽ ലൈറ്റിന് തൊട്ടടുത്തെത്തി ടൊയോട്ട.
അടുത്ത നിമിഷം ചുവപ്പു ലൈറ്റുകത്തി. സുമോയും ടോറസുകളും തൊട്ടു മുന്നിൽ ഇടത്തേക്കു തിരിഞ്ഞു കഴിഞ്ഞിരുന്നു.
''സുമം ... നിർത്തണ്ടാ." വിജയയുടെ കൽപ്പന...
പച്ച ബൾബു തെളിഞ്ഞപ്പോൾ തെക്കേമല ഭാഗത്തേക്കു ചീറിവന്ന ഒരു ഇന്നോവ കാറിനെ ഉരുമ്മിയതുപോലെ ടൊയോട്ട തിരിഞ്ഞു.
ഇലക്ട്രിസിറ്റി ഓഫീസിനരുകിൽ നിന്ന് സുമോ വലത്തേക്ക്. വൺവേയിലേക്കു തിരിയുന്നതു കണ്ടു.
ടോറസ്സുകൾ നേരെ പോയി.
സുമോയിൽ നാലുപേർ ഉണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിൽ ഇരുന്ന മൊട്ടത്തലയൻ ഇടയ്ക്ക് റിയർവ്യൂ മിററിലൂടെ നോക്കി.
പിന്നെ മറ്റുള്ളവരോടു പറഞ്ഞു:
''പിങ്ക് പോലീസിന്റെ ഒരു വണ്ടി കുറച്ചുസമയമായി നമ്മുടെ പിന്നാലെയുണ്ട്. നമ്മളെ ഫോളോ ചെയ്യുകയാണോ എന്നൊരു സംശയം."
മറ്റു മൂന്നുപേരും തിരിഞ്ഞുനോക്കി.
''ഏയ്.. അതാവാൻ വഴിയില്ല. എങ്കിലും ചവുട്ടിവിട്ടോ." ഒരാൾ പറഞ്ഞു.
മൊട്ടത്തലയൻ തന്റെ സെൽഫോൺ എടുത്തു.
ഡ്രൈവർ, ആക്സിലറേറ്റർ പെഡലിൽ കാൽ ഒന്നുകൂടി അമർത്തി.
കോഴഞ്ചേരി.
വണ്ടിപ്പേട്ട പിന്നിട്ടു സുമോ...
തൊട്ടുപിന്നിൽ എത്തിയിരുന്നു ടൊയോട്ടയും.
അടുത്ത നിമിഷം....
വണ്ടിപ്പേട്ടയിൽ നിന്ന് ഒരു ടെമ്പോ ട്രാവലർ റോഡിലേക്കു ചാടിയിറങ്ങി.
സുമത്തിന് ബ്രേക്ക് അമർത്താനുള്ള നേരം കിട്ടിയില്ല.
ടൊയോട്ട കാർ അതിന്റെ പിന്നിലിടിച്ചു. ബോണറ്റ് വളഞ്ഞ് മുകളിലേക്കുയർന്നു.
പിന്നിലിരുന്നവർ മുൻസീറ്റിൽ വന്നുമുട്ടി. വിജയവും സുമവും സീറ്റ് ബൽറ്റ് ധരിച്ചിരുന്നതിനാൽ അവർക്കു മുന്നിൽ എയർബാഗ് വീർത്തുവന്ന് രക്ഷയൊരുക്കി...
ആക്സിഡന്റ് ഉണ്ടായതിലല്ല, മറിച്ച് സുമോയിൽ ഉള്ളവർ രക്ഷപ്പെട്ടതിലായിരുന്നു വിജയയ്ക്കു കുണ്ഡിതം.
ജനം ഓടിക്കൂടി.
ആ നേരത്ത് സുമോ കോഴഞ്ചേരി പമ്പാനദിക്കു കുറുകെയുള്ള പാലം കടന്നിരുന്നു.
അവിടെ നൂറുമീറ്റർ മുന്നിലേക്കു മാറിയതും....
ചരൽക്കുന്ന് ഭാഗത്തുനിന്നുവന്ന ഒരു പോലീസിന്റെ ബൊലേറോ റോഡിലേക്കു കുറുകെ നിന്നു.
തൊട്ടു മുന്നിൽ സുമോയും ബ്രേക്കിട്ടു. മൊട്ടത്തലയൻ പെട്ടെന്ന് ആർക്കോ ഒരു കാൾ അയച്ചിട്ട് ഫോൺ പോക്കറ്റിലിട്ടു...
ബൊലോറോയിൽ നിന്ന് അഞ്ച് കാക്കിധാരികൾ ചാടിയിറങ്ങി. നീട്ടിപ്പിടിച്ച പിസ്റ്റളുമായി അവർ സുമോ വാൻ വളഞ്ഞു.
അതിനുള്ളിൽ ഇരുന്നവർക്ക് പ്രതിരോധിക്കാൻ പോലും കഴിഞ്ഞില്ല....
റോഡ് പെട്ടെന്നു ബ്ളോക്കായി.
പോലീസ് ഉദ്യോഗസ്ഥർ സുമോയിൽ വന്നവരെ കസ്റ്റഡിയിൽ എടുത്തു.
അപ്പോൾ അവിടെ നടക്കുന്നത് അത്രയും തന്റെ ഫോണിലൂടെ തിരുവനന്തപുരത്തിരുന്ന് കേൾക്കുകയായിരുന്നു മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ മകൻ രാഹുൽ..
അവൻ നടുങ്ങി വിറച്ചുപോയി. അവരുടെ നാവിൽ നിന്ന് തന്റെ പേരെങ്ങാനും പുറത്തുവന്നാൽ..
ഒരാളുടെ ശബ്ദം ഫോണിലൂടെ അവൻ കേട്ടു.
''നിന്നെയൊക്കെ ഞങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അറിയേണ്ട ആദ്യകാര്യം. ആർക്കുവേണ്ടിയാണ് നീയൊക്കെ മൂസയെ കൊന്നത്?"
രാഹുലിനു നെഞ്ചിടിപ്പേറി.
(തുടരും)