modi-saudi-prince

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഉജ്ജ്വല സ്വീകരണം. രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് സൽമാൻ രാജകുമാരനെ വരവേറ്റത്. ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നു പറഞ്ഞ സൽമാൻ, എന്നാൽ പുൽവാമ ഭീകരാക്രമണത്തെയോ, പാകിസ്ഥാനെയോ പറ്റി യാതൊന്നും പരാമർശിച്ചില്ല.

തങ്ങളുടെ ഉറ്റ സുഹൃത്തായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയ്യാറാണ്. വരുംതലമുറയ്‌ക്ക് മികച്ച ഭാവി ലഭിക്കുന്നതിന് എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ ഒരുക്കമാണെന്നും സൗദി ഭരണാധികാരി വ്യക്തമാക്കി. പാകിസ്ഥാൻ സന്ദർശനത്തിനു ശേഷമാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. അതേസമയം, ഇസ്ലാമാബാദിൽനിന്ന് നേരിട്ടല്ല പകരം സൗദിയിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത്. സൗദി-ഇന്ത്യ ബന്ധം രക്തത്തിൽ അലിഞ്ഞതെന്ന സൽമാന്റെ പരാമർശം ഇന്ത്യൻ സമൂഹത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ വാണിജ്യ മേഖലകളിലേത് ഉൾപ്പടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.