തിരുവനന്തപുരം: ഭക്തിയുടെ നൈവേദ്യമരുളി ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദിച്ച് ഭക്തസഹസ്രങ്ങൾ. ഉച്ചയ്‌ക്ക് 2.15ന് നിവേദ്യമായതോടു കൂടി ഇനി അടുത്ത കുംഭച്ചൂടിലേക്കുള്ള കാത്തിരിപ്പ് മങ്കമാർ തുടങ്ങുകയായി. രാവിലെ 10.15ന് ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു പകർന്നു നൽകിയ ദീപം മേൽശാന്തി വിഷ്ണു നമ്പൂതിരി വലിയതിടപ്പള്ളിയിലേക്കും തുടർന്ന് സഹമേൽശാന്തി പണ്ടാരയടുപ്പിലേക്കും പകർന്നതോടെ നാരീലക്ഷങ്ങളുടെ ദിവസങ്ങളായുള്ള പ്രാർത്ഥന നിരനിരയായ അടുപ്പുകളിൽ നിറഞ്ഞുതൂവുകയായിരുന്നു.
ആറ്റുകാൽ ക്ഷേത്രത്തിന് 10 കി.മീ അധികം ചുറ്റളവിൽ പൊങ്കാല കലങ്ങൾ നിറഞ്ഞു കവിഞ്ഞിരുന്നു. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെയാണ് വിവിധയിടങ്ങളിൽ നിയോഗിച്ചിരുന്നത്. ഒരു ലക്ഷത്തിനമേൽ ഭക്തജനങ്ങൾ ഇത്തവണം പൊങ്കാലയ്‌ക്കെത്തിയിട്ടുണ്ടെന്നാണ് അധികൃതർ കണക്കുകൂട്ടിയിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്കു പുറമെ, വിവിധ ട്രസ്റ്റുകളുടെയും, അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പൊങ്കാലയിടാൻ എത്തിയവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. തുടർന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും കുത്തിയോട്ടക്കാരുടെയും അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും. നാളെ രാത്രി 9.15 ന് കാപ്പഴിച്ച് കുടിയിറക്കിയ ശേഷം രാത്രി 12.15 ന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.