ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി തകർന്നടിയുമെന്ന സർവേ ഫലങ്ങൾ പിഴയ്ക്കുമെന്നും , മുന്നണി അഭിമാനാർഹമായ വിജയം നേടുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 12 സീറ്റിലും,എൽ.ഡി.എഫ് എട്ട് സീറ്റിലുമാണ് വിജയിച്ചത്. എൽ.ഡി.എഫ് ഈ വിജയത്തിൽ നിന്ന് പിന്നാക്കം പോവില്ല. ഒരു സീറ്റെങ്കിലും കൂടുതൽ നേടിയാൽ സർക്കാരിനും മുന്നണിക്കും കൂടുതൽ മിടുക്കാവും. എൽ.ഡി.എഫിന്റെ വിജയം മൂന്നോ നാലോ സീറ്റിൽ ഒതുങ്ങുമെന്ന് പ്രമുഖ ചാനൽ നടത്തിയ സർവേഫലം പുറത്ത് വിട്ടതിന്റെ അടുത്ത ദിവസമാണ് 30 തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നത്. ശബരിമല ഉൾപ്പെട്ട പ്രദേശങ്ങളും ഇതിൽപ്പെടും. 16 സീറ്റും നേടിയത് ഇടതുമുന്നണിയാണ്. ഒരു സീറ്റിൽപ്പോലും ബി.ജെ.പി ജയം കണ്ടില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ സർവേയിൽ പറഞ്ഞത് ഉമ്മൻചാണ്ടി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു. ഒടുവിൽ സംഭവിച്ചത് മറിച്ചും. ബഹുഭൂരിപക്ഷം സീറ്റുകളോടെടെ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടി. സർക്കാർ ആയിരം ദിനം പിന്നിടുന്നതിന്റെയും ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ കേരളകൗമുദിയുമായി നടത്തിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ആർക്കാവും കൂടുതൽ ഗുണം നൽകുക ?
യുവതി പ്രവേശനത്തിനെതിരായി നടക്കുന്ന ഭജനയും നാമജപവും കണ്ട് തിരഞ്ഞെടുപ്പിനെ വിലയിരുത്തരുത്. നാമജപം നടത്തുന്നതിൽ നല്ലൊരു വിഭാഗവും കോൺഗ്രസുകാരാണ്. നാമജപക്കാർ മാറിയാൽ നഷ്ടം കോൺഗ്രസിനായിരിക്കും.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് അല്പം മുൻതൂക്കം ലഭിക്കാറുണ്ട്. സി.പി.എം ഇന്ത്യയിൽ ഭരണത്തിൽ വരാത്തതിനാൽ ബി.ജെ.പിക്കെതിരായി ജനം കോൺഗ്രസിന് വോട്ടുചെയ്യും. ബി.ജെ.പിക്ക് ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ശതമാനം കൂടിയേക്കാം. സീറ്റ് കിട്ടുമോയെന്ന് വ്യക്തമല്ല.
ശബരിമല വിഷയം?
സുപ്രീംകോടതി വിധിയെ അംഗീകരിക്കാതെ ഒരു സർക്കാരിനും മുന്നോട്ട് പോകാനാകില്ല. വിധി നടപ്പാക്കാൻ ശ്രമിച്ചു എന്നല്ലാതെ ഒരബദ്ധവും സർക്കാർ ചെയ്തില്ല. സർക്കാരിനെ നിരീശ്വരവാദികളും ഭക്തരുടെ വിശ്വാസം ഹനിക്കുന്നവരുമായി ചിത്രീകരിച്ച് രാഷ്ടീയമുതലെടുപ്പിന് ശ്രമം നടന്നു. കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ ഒരേ തൂവൽപ്പക്ഷികളായി. ഇതിനെ പ്രതിരോധിക്കാനും സർക്കാരിന്റെ നിലപാടും സത്യസന്ധതയും ജനങ്ങളിലെത്തിക്കാനും കഴിഞ്ഞില്ല. സ്ത്രീ-പുരുഷ സമത്വം വിളംബരം ചെയ്യുന്ന വിധിയെ കോൺഗ്രസും ബി.ജെ.പിയുമടക്കം തുടക്കത്തിൽ സ്വാഗതം ചെയ്തതാണ്. എന്നാൽ, ആത്മീയതയെ വ്യാപാരം ചെയ്തവർ പിന്നീട് പറഞ്ഞതെല്ലാം വിഴുങ്ങി. സർക്കാരിനെ ശബരിമല വിരോധികളും ഈശ്വര വിരോധികളുമായി മുദ്രകുത്തി.
കുന്തമുന മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചാണല്ലോ?
പിണറായി വിജയന്റെ സമുദായമാണ് പ്രശ്നം. ആർ.ശങ്കറെയും ഗൗരിഅമ്മയെയും അച്യുതാനന്ദനെയുമെല്ലാം സവർണലോബി ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. പിന്നാക്കക്കാരൻ ഭരിക്കണ്ട. ഈഴവൻ കുലത്തൊഴിലായ തെങ്ങ് ചെത്തിയാൽ മതിയെന്ന ധാർഷ്ട്യം .സംസ്ഥാനത്തെ 85 ശതമാനം വരുന്ന പിന്നാക്ക-അധ:സ്ഥിത - ന്യൂനപക്ഷങ്ങൾ എന്നും കുലത്തൊഴിൽ ചെയ്ത് അടിയാന്മാരായി കഴിയണമെന്നും ഭരണവും അധികാരവും തങ്ങൾ കൈകാര്യം ചെയ്തുകൊള്ളാണെന്നുമാണ് ഇക്കൂട്ടരുടെ ഭാവം.
ആയിരം ദിവസം പിന്നിടുന്ന ഇടതുസർക്കാരിൽ നിന്ന് പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലഭിച്ചോ. ?
അങ്ങനെ കരുതാനാവില്ല. കേരള അഡ്മിന്സ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) സംവരണഅട്ടിമറിക്ക് തുടക്കത്തിൽ ഇടത് സർക്കാരും കൂട്ടുനിൽക്കുകയായിരുന്നു. ഭരണകേന്ദ്രങ്ങളിലെ സവർണ ലോബിയുടെ ദു:സ്വാധീനമായിരുന്നു കാരണം. കെ.എ.എസിലെ മൂന്ന് സ്ട്രീമിലെയും നിയമനങ്ങളിൽ സംവരണം ഉറപ്പാക്കാൻ ഒടുവിൽ തീരുമാനിച്ചത് ഈ സർക്കാരിന് വൈകിവന്ന വിവേകമാണ്. അതിന് നന്ദിയുണ്ട്. അതേസമയം, ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ 96 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന സവർണ വിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം കൂടി അനുവദിച്ചത് പിന്നാക്ക -ദളിത് വിഭാഗങ്ങളോട് സർക്കാർ ചെയ്ത ചതിയാണ് . ദേവസ്വം ബോർഡ് നിയമനങ്ങളിൽ പിന്നാക്കക്കാർക്ക് സാമൂഹ്യനീതി ഉറപ്പാക്കാൻ എന്തുകൊണ്ട് പ്രത്യേക നിയമനം നടത്തുന്നില്ല. ഏത് മുന്നണി ഭരിച്ചാലും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനും സവർണ സമുദായത്തിൽപ്പെട്ടയാളായിരിക്കും. പിണറായിയെ നല്ല ഭരണാധികാരിയെന്ന് പറഞ്ഞചില സമുദായ നേതാക്കൾ കാര്യങ്ങൾ പലതും നേടിക്കഴിഞ്ഞപ്പോൾ തള്ളിപ്പറയുന്നത് അവസരവാദമാണ്. പിന്നാക്ക, അധ:സ്ഥിത വർഗത്തിന് പരിഗണന ലഭിക്കുന്നില്ല. വോട്ടുബാങ്കുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ട് പിന്നെയും മുറുമുറുപ്പ് . എല്ലാം നേടിയ ശേഷം ചിലർ തിരിഞ്ഞുനിന്നു കുത്തുകയാണ്.
അതേസമയം മതിൽ കെട്ടാനും വെള്ളം കോരാനും വിറക് വെട്ടാനും എന്നും ഒപ്പം നിൽക്കുന്ന പിന്നാക്ക -ദളിത് വിഭാഗങ്ങൾക്ക് അർഹമായത് പോലും കിട്ടുന്നില്ല. യഥാർത്ഥ ബന്ധുക്കളെയും, പഴയ വിമോചനസമരത്തിന്റെ പിണിയാളുകളെയും തിരിച്ചറിയണം.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ട് ?
എസ്.എൻ.ഡി.പി യോഗം ആവശ്യങ്ങളുമായി സർക്കാരിനെ സമീപിച്ചിട്ടില്ല. പിന്നാക്കക്കാർക്ക് ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല .ഒരു എയ്ഡഡ് സ്ഥാപനം പോലും പല ജില്ലകളിലും എസ്.എസ്.എൻ.ഡി.പി യോഗത്തിനില്ല.
കോൺഗ്രസ് സീറ്റ് വിഭജനത്തിൽ പിന്നാക്കക്കാർ തഴയപ്പെടുന്നതായി ആക്ഷേപം ശക്തമാണല്ലോ ?
കോൺഗ്രസ് പിന്നാക്ക ആഭിമുഖ്യമില്ലാത്ത പാർട്ടിയായി മാറി . നിയമസഭയിലെ 47 യു.ഡി.എഫ് അംഗങ്ങളിൽ ഈഴവ സമുദായാംഗം ഒരാൾ മാത്രം. കഴിഞ്ഞ നിയമസഭയിൽ മൂന്ന് പേരെങ്കിലും ഉണ്ടായിരുന്നു. കോൺഗ്രസിലെ ഈഴവ നേതാക്കന്മാർ തന്നെ മറ്റൊരു ഈഴവനെ നേതാവായി വളർത്തിയെടുക്കാൻ ശ്രമിക്കില്ല.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിയുടെ മേൽ ബി.ജെ.പി സമ്മർദ്ദം ഏറുന്നതായി കേൾക്കുന്നു?
തുഷാർ മത്സരിക്കുന്നതിനെക്കുറിച്ച് അറിയില്ല. അത് തീരുമാനിക്കേണ്ടത് ബി.ഡി.ജെ.എസാണ്. യോഗത്തിന് രാഷ്ട്രീയമില്ല.യോഗം ഭാരവാഹികൾ രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർത്ഥികളാവരുതെന്നാണ് ഞാനാഗ്രഹിക്കുന്നത്. കെ.ഗോപിനാഥനും കെ.കെ.രാഹുലനും പ്രിയദർശനനും അങ്ങനെ മത്സരിച്ചതിനെ തുടർന്ന് സമുദായത്തിനുണ്ടായ പേരുദോഷം ഇതുവരെ മാറിയിട്ടില്ല.