kodiyeri-balakrishanan

പുനലൂർ: എൻ.എസ്.എസ് നേതൃത്വവുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വേണ്ടി വന്നാൽ അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും, സമുദായ സംഘടനകളോട് ശത്രുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷം തയ്യാറാണെന്ന് നേരത്തെ കോടിയേരി പറഞ്ഞിരുന്നു.

എൻ.എസ്.എസിനെ സി.പി.എം ശത്രുവായി കാണുന്നില്ലെന്ന് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം,​ കാസർകോട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും കോടിയേരി പറഞ്ഞു. പീതാംബരന്റെ കുടുംബത്തിനുണ്ടായ ധാരണയിൽ പാർട്ടിക്ക് പങ്കില്ല. കുടുംബത്തിന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടുക്കണ്ടേ ആവശ്യമില്ല.

കേസിൽ പീതാംബരൻ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്നാണ് പീതാംബരന്റെ ഭാര്യ മഞ്ജുവും മകൾ ദേവികയും ആരോപിച്ചത്. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് ഭർത്താവെന്നും മഞ്ജു നേരത്തെ പറഞ്ഞിരുന്നു.