ഭാരതത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലയായിട്ടാണ് കേരളം അറിയപ്പെട്ടിരുന്നത്. ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയതും ആ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഒരു ജനമുന്നേറ്റത്തെ തുടർന്ന് പുറത്താക്കുകയും ചെയ്തതായിരുന്നു കേരളത്തിലെ ആദ്യ രാഷ്ട്രീയ പരീക്ഷണം.പിന്നീട് ഐക്യകക്ഷി ഭരണവും ഐക്യമുന്നണി ഭരണവുമൊക്കെ കേരളമാണ് ആദ്യമായി പരീക്ഷിച്ചത്. പക്ഷേ കഴിഞ്ഞ കുറേ ദശകങ്ങളായി കേരളത്തിൽ രാഷ്ട്രീയ പരീക്ഷണങ്ങൾ ഇല്ലാതായിരിക്കുന്നു. സി.പി.എം നയിക്കുന്ന ഇടതു ജനാധിപത്യ മുന്നണിയുടെയും കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയുടെയും മാറിമാറിയുള്ള ഭരണം സംസ്ഥാനരാഷ്ട്രീയം ദുർഗന്ധം വമിക്കുന്ന ജീർണാവസ്ഥയിലെത്തിച്ചിരിക്കുകയാണിപ്പോൾ. ഇത് അനുഭവിച്ചു മടുത്ത ജനത ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു. ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണിക്ക് പ്രാധാന്യവും പ്രസക്തിയും നൽകുന്ന പശ്ചാത്തലമിതാണ്. മൂന്നാം ബദലിന് അനുകൂലമായ സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയാണ്, കേരളത്തിന്റെ ദൃഷ്ടിയിൽ ആസന്നമായ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സവിശേഷത .
ഒരു മൂന്നാം ബദലിന്റെ അഭാവമാണ് കേരളത്തിൽ ഇടത് വലത് മുന്നണികളെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങളെ നിർബന്ധിതരാക്കിയത്. നയപരിപാടികളിൽ ഇരുമുന്നണികളും തമ്മിൽ കാര്യമായ വ്യത്യാസമില്ലാതിരുന്നിട്ടും ഇവരുടെ ഭരണം പതിറ്റാണ്ടുകളായി തുടർന്ന് കൊണ്ടേയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല സംസ്ഥാനത്തു നിന്നുള്ള ലോക്സഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നത് ഈ യു.ഡി.എഫ് എൽ.ഡി.എഫ് കേന്ദ്രീകൃത രാഷ്ട്രീയമായിരുന്നു. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം ഏറെയായിരുന്ന കാലത്തും സംസ്ഥാനത്തിന് അതിന്റെ നേട്ടമുണ്ടായില്ല. കോൺഗ്രസുകാർ പോലും സ്വകാര്യസംഭാഷണത്തിൽ സമ്മതിക്കുന്ന വസ്തുതയാണ്, സംസ്ഥാനത്ത് നിന്ന് ഒരു ബി.ജെ.പിക്കാരനെയെങ്കിലും ലോക് സഭയിലേക്ക് അയയ്ക്കാതിരുന്നിട്ടും കേരളത്തിന് ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടായത് കേന്ദ്രത്തിൽ എൻ.ഡി.എ ഭരിക്കുമ്പോളാണെന്നത്.
പക്ഷേ പിണറായി സർക്കാരിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന 'പുൽക്കൂട്ടിലെ ശുനകന്റെ നയ" മാണ് . നരേന്ദ്രമോദി സർക്കാരിന്റെ വികസനപദ്ധതികളും ജനക്ഷേമ പരിപാടികളും കേരളത്തിൽ നടപ്പിലാക്കാതെ അട്ടിമറിക്കുകയാണ് ഇടത് മുന്നണി ഭരണത്തിന് കീഴിൽ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാപദ്ധതിയായ 'ആയുഷ്മാൻഭാരത് " നമ്മുടെ സംസ്ഥാനത്ത് ഇനിയും നടപ്പിലാക്കിയിട്ടില്ല. ഏറ്റവും ഒടുവിൽ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച കിസാൻ സമ്മാൻ നിധിയും കേരളത്തിൽ നടപ്പിലാക്കാതിരിക്കാനുള്ള കാരണങ്ങൾ തിരയുകയാണ് സംസ്ഥാനസർക്കാർ. എന്തിനേറെ സംസ്ഥാനത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് സംസ്ഥാന ധനമന്ത്രി തന്നെ മുൻകൂട്ടി പ്രസ്താവിച്ചിരുന്ന ചരക്ക് സേവനനികുതി പിരിക്കാനുള്ള ക്രമീകരണങ്ങൾ സംവിധാനം ചെയ്യുന്നതിലും കേരള സർക്കാർ ഉപേക്ഷ കാട്ടി. കോട്ടം സംഭവിച്ചത് സംസ്ഥാനത്തിന് തന്നെ. കേന്ദ്രം ആര് ഭരിച്ചാലും കേരളത്തിന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവണമെങ്കിൽ കേന്ദ്രത്തിൽ സംസ്ഥാന സൗഹൃദ എൻഡിഎ ഭരണം വന്നാൽ മാത്രം പോരാ കേരളത്തിൽ നിന്ന് ലോക് സഭയിൽ എത്തുന്നവർ എൻ.ഡി.എക്കാർ കൂടിയാവണം. അത് കൊണ്ട് ഈ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഉയരുന്ന പ്രധാന മുദ്രാവാക്യം 'വീണ്ടും വരണം മോദി ഭരണം" എന്നതോടൊപ്പം കേരളത്തിൽ നിന്നുള്ളവർ മോദിക്കൊപ്പം എന്നതും കൂടിയാണ്.
എൻ.ഡി.എ സ്ഥാനാർഥികളെ ഒഴിവാക്കിയാൽ കേരളത്തിൽ നടക്കാൻ പോവുന്നത് ജനങ്ങളെ വഞ്ചിക്കുന്ന ഒരു സൗഹൃദ മത്സരമാണ്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും വലതു മുന്നണിയെ നയിക്കുന്ന കോൺഗ്രസും അഖിലേന്ത്യാ തലത്തിൽ കൈകോർക്കുകയാണെന്നത് ഇരുവരും സമ്മതിക്കുന്നു. അപ്പോൾ പിന്നെ പരസ്പരം മത്സരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനുള്ള കേരളത്തിലെ പ്രചാരണം ഒരു പ്രഹസനമായി മാറുന്നു. മോദി ഭരണം തുടരണമോ വേണ്ടയോ എന്നത് മാത്രമാണ് വോട്ടർമാരുടെ മുന്നിലുള്ള ചോദ്യം. സുരക്ഷിതവും സുശക്തവുമായ ഭാരതത്തിനും ഭരണകൂടത്തിനും വേണ്ടി സമ്മതിദാനാവകാശം രേഖപ്പെടുത്തണോ അതോ ആശയ ഐക്യമില്ലാതെ അധികാരത്തിന് വേണ്ടിമാത്രമുള്ള അവിശുദ്ധ അവിയൽ കൂട്ടുകെട്ടിന് അംഗീകാരം നൽകണോ എന്നതാണ് പ്രശ്നം . ലോക് സഭയിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും ആയിരം ദിവസം പിന്നിട്ട പിണറായി ഭരണത്തിന്റെ പ്രകടനവും കേരളത്തിൽ ദേശീയ വിഷയങ്ങളോടൊപ്പം മാറ്റുരയ്ക്കപ്പെടും. ദിശാബോധമില്ലാത്ത നേതൃത്വം സംസ്ഥാനത്തിന് സംഭാവന നൽകിയിട്ടുള്ളത് വികസനമുരടിപ്പിനോടൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയാണ്. സർക്കാർ സൃഷ്ടിയായിരുന്ന പ്രളയാനന്തര പ്രവർത്തനങ്ങളുടെ പാളിച്ചകളും പരാജയവും പാണൻമാർ നാട് നീളെ പാടി നടക്കുകയാണ്. എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുകയെന്ന കാലഹരണപ്പെട്ട വായ്ത്താരിയാണ് കേരളം ഭരിക്കുന്നവരിൽ നിന്ന് കേൾക്കുന്നത്. ജനം ഇതൊക്കെ തിരിച്ചറിയുന്നു എന്നത് ലോക് സഭ തിരഞ്ഞെടുപ്പിൽ തെളിയും.
കേരളത്തിൽ ബി.ജെ.പിയുടെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ടെന്നത് പാർട്ടിയുടെ എതിരാളികൾ പോലും തല കുലുക്കി സമ്മതിക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ രാഷ്ട്രീയ വിശ്വാസ്യത കുതിച്ചുയർന്നത് ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിലൂടെയാണ്. പാർട്ടിയുടെ ജനകീയ അടിത്തറ അഭൂതപൂർവമായി വികസിപ്പിക്കാനും അകന്നും അറച്ചും നിന്ന അനേകലക്ഷം ജനങ്ങളെ പാർട്ടിക്കൊപ്പം നിറുത്താനും കഴിഞ്ഞ ഏതാനും മാസങ്ങളിൽ ബിജെപി കേരളനേതൃത്വത്തിനു കഴിഞ്ഞത് ലോക് സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതായി പാർട്ടിയെ നിരന്തരം എതിർക്കുന്ന മാദ്ധ്യമങ്ങൾ പോലും ചൂണ്ടിക്കാട്ടുന്നു. ശബരിമലയിൽ ക്ഷേത്രധ്വംസനം എന്ന സിപിഎമ്മിന്റെ രഹസ്യ അജൻഡ നടപ്പിലാക്കി പ്രതിരോധത്തിലായ പിണറായിയുടെ പാർട്ടിക്കും യുവതീപ്രവേശനവിഷയത്തിൽ പ്രത്യക്ഷസമരത്തിനിറങ്ങാതെ ഒളിച്ചുകളിച്ച കോൺഗ്രസിനും തീർച്ചയായും കനത്ത വില നൽകേണ്ടിവരും. വിശ്വാസസംരക്ഷണത്തിനായുള്ള ഭക്തജനങ്ങളുടെ സമരത്തിനൊപ്പം ഉറച്ചുനിന്നത് ബി.ജെ.പി മാത്രമാണെന്ന് കേരളീയസമൂഹം നന്ദിപൂർവം സ്മരിക്കുന്നു.
തിരഞ്ഞെടുപ്പ് സായാഹ്നത്തിലും 'ദൈവത്തിന്റെ സ്വന്തം നാട് " രാഷ്ട്രീയകൊലപാതകങ്ങളിൽ നിന്ന് വിമുക്തമല്ല. ആയിരം ദിവസത്തെ ഭരണത്തിൽ അരുംകൊല ചെയ്യപ്പെട്ടവർ ഇരുപതിലേറെയാണ്. സി.പി.എമ്മിന്റെ കാർമികത്വത്തിൽ ചുവപ്പു ഭീകരത കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് രണ്ട് യുവാക്കളെയാണ്. കോൺഗ്രസും സി.പി.എമ്മുമായുള്ള സഹകരണത്തെപ്പറ്റി ഇരുപാർട്ടികളുടെയും നേതാക്കളും സംസാരിക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം കാപാലികർ കൊലക്കത്തിക്കിരയാക്കുന്നത് . 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നിയമവാഴ്ച തകർത്തതിന്റെ പേരിലാണ് ജവഹർലാൽ നെഹ്റു ഭരണകൂടം പിരിച്ചുവിട്ടത്. ഇപ്പോൾ അതിനെക്കാൾ ഭീകരവും ദുസ്സഹവുമായ പരിതസ്ഥിതിയിലാണ് ജനജീവിതം ഇവിടുള്ളത്. കേന്ദ്രം നൽകുന്ന സഹായങ്ങൾ ദുരുപയോഗം ചെയ്യുകയോ വകമാറി ചിലവു ചെയ്യുകയോ ചെയ്യുന്ന ആപത്കരമായ സ്ഥിതിവിശേഷമാണിവിടുള്ളത്. ജനങ്ങൾ അനുഭവിച്ച വൻ വെള്ളപ്പൊക്ക ദുരിതത്തിന്റെപേരിലും അവർക്ക് ലഭിക്കേണ്ട ആശ്വാസധനം അർഹരായവർക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട കണക്കുകൾപോലും ജനങ്ങൾക്ക് നൽകാതെ ഭരണകൂടം ഒഴിഞ്ഞുമാറുന്ന അവസ്ഥയാണുള്ളത്. അഴിമതിയിവിടെ സാർവ്വത്രികമാണ്. സംശുദ്ധവും സുതാര്യവുമായ ഒരു ഭരണകൂടം കേരളത്തിലിപ്പോഴില്ല. കോൺഗ്രസും സി.പി.എമ്മും ഒരമ്മപെറ്റ മക്കളെപോലെ പരസ്പരപൂരകങ്ങളായി ഇവിടെ നിലകൊള്ളുകയാണ്. ഒന്നു വീണാൽ മറ്റൊന്ന് ഓടിയെത്തി പൊക്കിനിർത്തുന്ന അവസ്ഥയാണുള്ളത്. ഈ മുന്നണികളിൽ നിന്നുള്ള മോചനമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
(ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)