വാഷിംഗ്ടൺ: യു.എൻ സുരക്ഷാ സമിതിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പാകിസ്ഥാനും ചൈനയും ഉത്തരവാദിത്വം കാട്ടണമെന്നും ഭീകരർക്ക് സുരക്ഷിത താവളമൊരുക്കാൻ അനുവദിക്കരുതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
പുൽവാമ ആക്രമണത്തെ അതിഭീകരമായ സാഹചര്യമെന്ന് ട്രംപ് വിലയിരുത്തി. ഇന്ത്യയും പാകിസ്ഥാനും സൗഹൃദത്തിലാകണമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഭീകരർക്ക് അനുകൂലമായ സാഹചര്യമൊരുക്കരുതെന്ന് എല്ലാ ലോകരാഷ്ട്രങ്ങളോടും അഭ്യർത്ഥിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലുൾപ്പെട്ട ഭീകരൻമാർക്ക് പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കുകയും ചൈന ഇതിനെ പിന്താങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്ലാമാബാദിനോടും ബെയ്ജിംഗിനോടുമാണ് പ്രത്യേക നിർദ്ദേശമെന്നും വൈറ്ര് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്കൊപ്പം കൈകോർക്കുമെന്ന് അമേരിക്കയുടെ ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി. സ്വയം പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് പ്രതികരിച്ചിരുന്നു.