കാഞ്ഞങ്ങാട്: കാസർകോട് ഇരട്ടക്കൊലപാതകത്തിലെ പ്രതി എ.പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലയ്‌ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നും, സി.പി.എം പ്രവർത്തകരാണ് പ്രതികളെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് കോടതിയിൽ ബോധിപ്പിച്ചു. കൂടുതൽ പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. 48 മണിക്കൂറിനുള്ളിൽ പ്രതിയുടെ വെെെദ്യ പരിശോധന നടത്തി, ഇതിന്റെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. നേരത്തെ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. വടിവാളും മൂന്ന് ഇരുമ്പു ദണ്ഡുകളുമാണ് തെളിവെടുപ്പിൽ കണ്ടെത്തിയത്. ആയുധങ്ങൾ പീതാംബരൻ തിരിച്ചറിഞ്ഞിരുന്നു.