rasheed-tipper

കൊല്ലം: പൊലീസ് വാഹനപരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് ബ്രേക്കുപിടിച്ച സ്കൂട്ടർ യാത്രക്കാരൻ പിന്നിൽവന്ന ടിപ്പർ ലോറി ഇടിച്ചുകയറി തത്ക്ഷണം മരിച്ചു. കിളികൊല്ലൂർ കന്നിമ്മേൽ ശാന്തിനഗർ 119 റഷീദ് മൻസിലിൽ ഷംസുദ്ദീൻ- സുബൈദ ദമ്പതികളുടെ മകൻ അബ്ദുൽ റഷീദ് (49) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം- കണ്ണനല്ലൂർ റോഡിൽ പുന്തലത്താഴം മംഗലത്ത് മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. അയത്തിൽ നിന്ന് കണ്ണനല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു റഷീദ്. കൺട്രോൾ റൂം പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിലെത്തിയ ടിപ്പർ ഇടിച്ചു. മുന്നിലേക്ക് തെറിച്ചുവീണ റഷീദിന്റെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ റഷീദ് ധരിച്ചിരുന്ന ഹെൽമറ്റ് ദൂരേക്ക് തെറിച്ചുപോയിരുന്നു.

ഇറച്ചിക്കോഴി വ്യാപാരിയായിരുന്ന റഷീദ് ഇപ്പോൾ കച്ചവട സ്ഥാപനം മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. സ്ഥാപനത്തിൽ ഇന്നലെ തൊഴിലാളികൾ ഇല്ലാ‌ഞ്ഞതിനാൽ ഓർഡർ പ്രകാരം പുന്തലത്താഴത്തെ ഹോട്ടലിലേക്ക് ഇറച്ചിയുമായി പോകുമ്പോഴായിരുന്നു അപകടം. പ്രവാസിയായിരുന്ന റഷീദ് ആറ് വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഭാര്യ: റസിയ. സഹോദരി: മുംതാസ്‌.

 പൊലീസ് സംഘത്തെ തടഞ്ഞു, സംഘർഷം

അപകടം നടന്നയുടൻ പോകാൻ ശ്രമിച്ച പൊലീസ് സംഘത്തെ നാട്ടുകാർ തടഞ്ഞു. കൂടുതൽ പേർ സംഘടിച്ചെത്തി റോഡ് ഉപരോധിച്ചതോടെ സംഘർഷമുണ്ടായി. വിവിധ സ്റ്റേഷനുകളിൽ നിന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഏറെ അപകട സാദ്ധ്യതയുള്ള സ്ഥലമാണ് പുന്തലത്താഴം മഹാലക്ഷ്മി ക്ഷേത്രം മുതൽ ബിവറേജസ് വരെയുള്ള ഇറക്കം. ഇരു ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് വഴിമാറിപ്പോകാൻ മാർഗമില്ലാത്തതിനാൽ പൊലീസ് ഇവിടെയാണ് പതിവായി പരിശോധനയ്ക്കായി തമ്പടിക്കുന്നത്. ഇത് സംബന്ധിച്ച് പലപ്പോഴും പ്രതിഷേധം ഉയ‌ർന്നിട്ടുണ്ടെങ്കിലും പൊലീസ് പരിശോധന തുടരുകയായിരുന്നു.