iaa

കൊച്ചി: ഉപഭോക്താക്കൾക്ക് പരസ്യങ്ങളിലൂടെ നൽകുന്ന വാഗ്‌ദാനങ്ങൾ പൂർണമായി പാലിച്ചാൽ മാത്രമേ 'ബ്രാൻഡ് ധർമ്മം" ഉറപ്പാക്കാനാകൂ എന്ന് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ പറഞ്ഞു. വാഗ്‌ദാനം പാലിച്ചില്ലെങ്കിൽ ഉപഭോക്താവിനെയും അദ്ദേഹം ചെലവഴിച്ച പണത്തെയുമാണ് ആ ബ്രാൻഡ് അപമാനിക്കുന്നത്. കൊച്ചി ഗ്രാൻഡ് ഹയാത്തിലെ ലുലു കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ 44-ാമത് വേൾഡ് കോൺഗ്രസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രാൻഡ് ഒരു വാഹനം ആണെങ്കിൽ ധർമ്മം അതിന്റെ എൻജിനാണ്. മികച്ച പരസ്യങ്ങൾ ഉത്‌പന്നങ്ങളുടെ ഡിമാൻഡ് വർദ്ധിപ്പിക്കുക മാത്രമല്ല,​ ബോധവത്‌കരണത്തിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനം കൂടിയാണ് ഉറപ്പാക്കുന്നത്. സമൂഹത്തോട് കൂറില്ലാത്ത ബ്രാൻഡുകൾ 'ലാഭയന്ത്രങ്ങളായി" ഒതുങ്ങിപ്പോകും. ഓരോ വ്യക്തിക്കും ഓരോ ബ്രാൻഡിനും അവരുടേതായ ധർമ്മമുണ്ട്. ധർമ്മം പാലിക്കപ്പെടുമ്പോഴാണ് ആ ബ്രാൻഡും വ്യക്തിയും എക്കാലവും ഓർമ്മിക്കപ്പെടുന്നത്.

''മരുന്നുകൾ മുതൽ സ്കൂട്ടറുകൾ വരെ 24 ബ്രാൻഡുകളുടെ പരസ്യത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പുകയില,​ മദ്യം എന്നിവയുടെ പരസ്യത്തിൽ അഭിനയിക്കാറില്ല. അത്,​ എന്റെ ധർമ്മമാണ്. കുഞ്ഞിന് പോളിയോ മരുന്ന് കൊടുക്കാൻ വന്ന ഗ്രാമീണ പറഞ്ഞത്,​ മരുന്ന് കൊടുത്തത് ബച്ചൻ പറഞ്ഞതുകൊണ്ടാണെന്നാണ്. അത്തരം ബ്രാൻഡിംഗ് ധർമ്മത്തിൽ അധിഷ്‌ഠിതമാണ്"- ബച്ചൻ പറഞ്ഞു. ധർമ്മം പാലിക്കാൻ ബ്രാൻഡ് പരാജയപ്പെടുമ്പോൾ അതിന്റെ സെലിബ്രിറ്രി അംബാസഡർ കൂടിയാണ് പഴി കേൾക്കുന്നത്.

ബ്രാൻഡുകൾ തമ്മിലെ മത്സരക്ഷമത ഉപഭോക്താക്കൾക്ക് കൂടുതൽ 'ചോയിസ്" നൽകും. തദ്ദേശ ഉത്‌പന്നങ്ങൾ ആഗോളതലത്തിൽ മത്സരിക്കുന്നതും നല്ല കാര്യമാണ്. മത്സരക്ഷമത ഉത്‌പന്നങ്ങളുടെ നിലവാരവുമുയർത്തും.

ലോകത്ത് വലിയ ഒട്ടേറെ കമ്പനികളുണ്ട്. എന്നാൽ ഗവേഷണം,​ ശാസ്‌ത്രം തുടങ്ങിയ മേഖലകളിൽ നിക്ഷേപവും കൂടുതൽ ശ്രദ്ധയും നൽകുന്നവരാണ് ഗ്ളോബൽ ലീഡർമാർ ആയി മാറുന്നത്. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനം സമൂഹത്തോടുള്ള സേവനമാണെന്നും ബച്ചൻ പറഞ്ഞു.

ധർമ്മയല്ല,​ ധർമ്മം ആണ് ശരി: ബച്ചൻ

ധർമ്മം എന്ന ഇന്ത്യൻ പദവും ധർമ്മ എന്ന ആംഗ്ളേയവത്കൃത പദവും തമ്മിൽ അർത്ഥത്തിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ധർമ്മം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. 'തിരുവനന്തപുരം" എന്നാൽ അനന്തന്റെ നിവാസസ്ഥാനം എന്നാണർത്ഥം. ട്രിവാൻഡ്രം എന്ന വാക്കിന് ഒരർത്ഥവുമില്ല - ബച്ചൻ പറഞ്ഞു.

'ബച്ചൻ,​ അച്‌ഛൻ സമ്മാനിച്ച ബ്രാൻഡ്"

'ബച്ചൻ" എന്നത്,​ തന്റെ അച്‌ഛൻ സമ്മാനിച്ച ബ്രാൻഡ് ആണെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. അതിനു പിന്നിലൊരു സാമൂഹിക സന്ദേശവുമുണ്ട്. ഹരിവംശ റായ് ശ്രീവാസ്‌തവ എന്നായിരുന്നു അച്‌ഛന്റെ പേര്. ശ്രീവാസ്‌തവ ജാതിപ്പേരാണ്. സമൂഹത്തിൽ ജാതികൾ തമ്മിലുള്ള അകൽച്ചയിൽ പ്രതിഷേധിച്ച് അച്‌ഛൻ ശ്രീവാസ്‌തവ എന്ന പേര് ഒഴിവാക്കി ബച്ചൻ എന്നാക്കി. കവിയും അദ്ധ്യാപകനുമായ അച്‌ഛന്റെ പേരിലെ ബച്ചൻ എനിക്കും ലഭിച്ചു. ജാതിക്കെതിരെയുള്ള സാമൂഹിക സന്ദേശമാണ് അച്‌ഛൻ നൽകിയത്. ഇങ്ങനെയാവണം ഓരോ ബ്രാൻഡും - ബച്ചൻ പറഞ്ഞു.

ആധാർ: എതിർവാദങ്ങൾ തള്ളി നിലേക്കനി

ഇന്ത്യക്കാരുടെ ജീവിതത്തിന് മികച്ച 'അടിത്തറ" ഉറപ്പാക്കുകയാണ് ആധാറിന്റെ ലക്ഷ്യമെന്ന് യു.ഐ.ഡി.എ.ഐ മുൻ ചെയർമാനും ഇൻഫോസിസ് ചെയർമാനുമായ നന്ദൻ നിലേക്കനി പറഞ്ഞു. ഇന്ത്യയിൽ ഒട്ടേറെ 'ഐ.ഡി" കാർഡുകളുണ്ട്. എന്നാൽ,​ പലർക്കും പല ഐ.ഡി കാർഡുകളുമില്ല. എല്ലാവർക്കുമായി ഒറ്റ (യുണീക്ക്)​ കാർഡ് വേണമെന്ന ആശയം അങ്ങനെയാണുണ്ടായത്.

ഉപഭോക്താവിനെ അറിയാൻ (ഇ-കെ.വൈ.സി)​ മാത്രമാണ് ആധാർ ഉപയോഗിക്കുന്നത്. മറ്റു വിവരങ്ങൾ സുരക്ഷിതമാണ്. ഓരോമാസവും പത്തുലക്ഷത്തോളം ആധാർ എൻറോൾമെന്റുകൾ നടക്കുന്നുണ്ട്. ഇപ്പോൾ 20ഓളം രാജ്യങ്ങൾ സമാന രീതിയിൽ യുണീക്ക് ഐ.ഡി കാർഡ് അവതരിപ്പിക്കാനൊരുങ്ങുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ആധാറിലെ ഫോട്ടോ മോശമാകുന്നത്. ഫോട്ടോ എടുക്കപ്പെടുന്ന സാഹചര്യവും മികച്ചതല്ല. എന്നാൽ,​ ആധാറിന്റെ ലക്ഷ്യത്തെ അത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രാൻഡ് ധർമ്മം ആഹ്വാനം ചെയ്‌ത് ഒന്നാംദിനം

പരസ്യരംഗത്ത് മൂല്യവും നീതിയും ഉറപ്പാക്കാനുള്ള 'ബ്രാൻഡ് ധർമ്മ" എന്ന ആശയം ആഹ്വാനം ചെയ്‌താണ് ഐ.എ.എ 44-ാമത് വേൾഡ് കോൺഗ്രസിന് കൊച്ചിയിൽ തുടക്കമായത്. അമിതാബ് ബച്ചൻ,​ ശ്രീശ്രീ രവിശങ്കർ,​ ഐ.എ.എ വേൾഡ് ചെയർമാൻ ശ്രീനിവാസൻ സ്വാമി,​ വൈസ് പ്രസിഡന്റ് ശ്രേയാംസ് കുമാർ,​ ഇന്ത്യാഘടകം ചെയർമാൻ പ്രദീപ് ഗുഹ,​ പുനീത് ഗോയങ്ക,​ കൗശിക് റോയ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്.

പരസ്യരംഗം ഡിജിറ്റലിലേക്ക് ചുവടുവച്ചു കഴിഞ്ഞുവെന്നും ഈ ഘട്ടത്തിൽ വെല്ലുവിളികൾ ഏറെയാണെന്നും ശ്രീനിവാസൻ സ്വാമി പറഞ്ഞു. ഡാറ്റ സംരക്ഷണം,​ ഉപഭോക്താക്കളുടെ സ്വകാര്യത എന്നിവ ഗൗരവമേറിയ വിഷയങ്ങളാണ്. നാം സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ഭരണകൂടം നിയന്ത്രണം കൊണ്ടുവരും. 20 രാജ്യങ്ങൾ ഇക്കാര്യത്തിൽ നിയമമുണ്ടാക്കി. ഇതുസംബന്ധിച്ച ചർച്ചകൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താവിനെ കബളിപ്പിച്ച് വിജയം നേടാൻ ബ്രാൻഡുകൾ ശ്രമിക്കരുതെന്ന് ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീശ്രീ രവിശങ്കർ പറഞ്ഞു. മനുഷ്യനന്മ ഉറപ്പാക്കുകയാവണം ബ്രാൻഡുകളുടെയും പരസ്യങ്ങളുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

5ജി വലിയ വിപ്ളവമാകും: പെന്നി ബാൽഡ്‌വിൻ

5ജി യാഥാർത്ഥ്യമാകുമ്പോൾ വ്യവസായ-വാണിജ്യ ലോകം മാത്രമല്ല മനുഷ്യജീവിതം തന്നെ വിപ്ളവകരമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്ന് ക്വാൽകോം സീനിയർ വൈസ് പ്രസിഡന്റും സി.എം.ഒയുമായ പെന്നി ബാൽഡ്‌വിൻ പറഞ്ഞു. ഒട്ടേറെ തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുക. 800 കോടി കണക്ഷനുകളുമായി മൊബൈൽഫോൺ ഇപ്പോൾ വലിയൊരു സാങ്കേതിക ശക്തിയായി കഴിഞ്ഞു. 2018ൽ ഇന്റർനെറ്ര് ഉപയോഗത്തിന്റെ 60 ശതമാനവും വീഡിയോ കാണാനാണ് ആളുകൾ ഉപയോഗിച്ചത്. 2021ൽ ഇത് 78 ശതമാനമാകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.