ബംഗളൂരു : അമേരിക്കൻ പ്രതിരോധ സ്ഥാപനമായ ലോക്‌ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ് -21ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസുമായി ചേർന്ന് ഇന്ത്യയിൽ നിർമ്മിക്കാൻ കളമൊരുങ്ങുന്നു. 1500 കോടി ഡോളറിന്റെ (ഒരു ലക്ഷം കോടി രൂപ) ഇടപാടായിരിക്കും ഇത്. കരാറിന്റെ അന്തിമരൂപം ആയിട്ടില്ല.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്ത് പകരുന്നതിനൊപ്പം ഇന്ത്യയിൽ പ്രതിരോധ വ്യവസായത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ഇത് വഴിയൊരുക്കും.
ബംഗളൂരുവിൽ ആരംഭിച്ച എയ്റോ ഇന്ത്യ ഷോയിൽ ലോക്‌ഹീഡ് മാർട്ടിൻ കമ്പനി എഫ് - 21 വിമാനം അവതരിപ്പിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസൃതമായി പരിഷ്‌കരിച്ചതാണ് എഫ് 21എന്ന് ലോക്‌ഹീഡ് മാർട്ടിൻ വൈസ് പ്രസിഡന്റ് വിവേക് ലാൽ പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 114 യുദ്ധവിമാനങ്ങൾ നിർമ്മിക്കാനാണ് ഇന്ത്യയുടെ പദ്ധതി.
യുദ്ധവിമാനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണത്തോട് പ്രതികരിച്ച ഏഴ് കമ്പനികളിൽ ഒന്നാണ് ലോക്‌ഹീഡ് മാർട്ടിൻ
വ്യോമസേനയുടെ കാലഹരണപ്പെട്ട സോവിയറ്റ് യുദ്ധവിമാനങ്ങൾക്ക് പകരമാണ് പുതിയ കരാറുകൾ ഉണ്ടാക്കുന്നത്
എഫ് - 16 വിമാനങ്ങളുടെ പുതിയ ബാച്ചാണ് കമ്പനി ആദ്യം വാഗ്ദാനം ചെയ്‌തത്
എഫ് - 16 നിലവിൽ പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്
കരാർ കിട്ടിയാൽ അമേരിക്കയിലെ ടെക്‌സാസിലെ എഫ് -16 നിർമാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാനായിരുന്നു ലോക്ഹീഡിന്റെ പദ്ധതി.
എഫ് -16 മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്‌റ്റിന്റെ ഗണത്തിൽ വരുന്നതാണ്.
ആ ഇനത്തിൽ പെട്ടതാണ് വിവാദമായ ഫ്രഞ്ച് യുദ്ധവിമാനം റാഫേൽ.
എഫ് - 16 നെ തഴഞ്ഞാണ് ഇന്ത്യ റാഫേൽ വാങ്ങാൻ കരാറുണ്ടാക്കിയത്.
അങ്ങനെയാണ് മൾട്ടി റോൾ ഫൈറ്റർ ജെറ്റ് ആയ എഫ് 21ലേക്ക് അന്വേഷണങ്ങൾ എത്തിയത്.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ് -22 എഫ്-35 എന്നിവയിലെ സാങ്കേതിക മികവുകൾ എഫ് - 21ൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു
സവിശേഷതകൾ
30,000 മീറ്റർ വരെ ഉയരത്തിൽ പറക്കും
മണിക്കൂറിൽ 2,285 കിലോമീറ്റർ വേഗത
7250 കിലോ ആയുധങ്ങൾ വഹിക്കും
എയർ ടു എയർ മിസൈലുകൾ
റഡാറുകളെ വെട്ടിക്കുന്ന സ്റ്റെൽത്ത് വിദ്യ
ഒരു ആവനാഴിയിൽ മൂന്ന് മിസൈലുകൾ
ആകാശത്ത് വച്ച് ഇന്ധനം നിറയ്‌ക്കാം