aryan-and-jalaja
അപകടത്തിൽ മരിച്ച ജലജ മണികണ്‌ഠനും മകൾ ആര്യയും

കൊല്ലം: ആറ്റുകാൽ പൊങ്കാലയിടുന്നതിന് പോകാൻ സ്കൂട്ടറിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് വന്ന അമ്മയ്ക്കും മകൾക്കും കെ.എസ്.ആർ.ടി.സി ബസിടിച്ച് ദാരുണാന്ത്യം. കൊല്ലം ആശ്രാമം ഉളിയക്കോവിൽ കാവടിപ്പുറം നഗർ കാവടി കിഴക്കതിൽ (ഹൗസ് നമ്പർ- 62)​ ജലജ മണികണ്ഠൻ (50),​ മകൾ ആര്യ (27) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെ കൊല്ലം- കണ്ണനല്ലൂർ റോഡിൽ ഭാരതരാജ്ഞി പള്ളിക്ക് മുന്നിലായിരുന്നു അപകടം.

വീട്ടിൽ നിന്ന് കടപ്പാക്കട വഴി കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകാനിറങ്ങിയതാണ് ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കൊല്ലം- കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി വേണാട് ബസ് ഇടിക്കുകയായിരുന്നു. ജലജ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആര്യയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും രാവിലെ ഒമ്പതോടെ മരിച്ചു. ആര്യയെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആറ്റുകാൽ പൊങ്കാല നടക്കുന്നതിനാൽ യാത്ര ദുഷ്‌കരമായിരിക്കുമെന്നത് കണക്കിലെടുത്ത് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ജലജയുടെ ഭർത്താവ് മണികണ്ഠൻ ചിന്നക്കടയിൽ ലോഡിംഗ് തൊഴിലാളിയാണ്. അരിപ്പൊടിയും മറ്ര് സാധനങ്ങളും പാക്കറ്റിലാക്കി കടകളിൽ എത്തിക്കുന്ന ചെറുകിട സംരംഭം നടത്തിവരികയായിരുന്നു ജലജ. മറ്റൊരു മകൾ: ആതിര. ആര്യയുടെ ഭർത്താവ് ശ്രീജിത്ത് വിദേശത്താണ്. യു.കെ.ജി വിദ്യാർത്ഥി അദ്വൈത് മകനാണ്. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ശ്രീജിത്ത് ഇന്ന് നാട്ടിലെത്തിയ ശേഷം സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടക്കും. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർ ഒളിവിലാണ്.