kodiyeri-

കൊല്ലം: കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപതാകത്തിൽ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് കോടിയേരി പറഞ്ഞു. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്ന് പീതാംബരൻ ഭാര്യയോട് പറഞ്ഞതായിരിക്കുമെന്നും കേസിൽ പെട്ടതിന്റെ വിഷമത്തിലാകും പീതാംബരന്റെ ഭാര്യ അങ്ങനെ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി.

പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാൽ പാർട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരൊക്കെ ഇത് പാർട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആൾ വിചാരിക്കുന്നത് താനാണ് പാർട്ടി എന്നാണ്. അവരല്ല പാർട്ടി. പാര്‍ട്ടി എന്ന നിലയിൽ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

പീതാംബരന് കൊലപാതകത്തിൽപങ്കില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമുള്ള പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാര്യം കഴിഞ്ഞപ്പോൾ പാര്‍ട്ടി പീതാംബരനെ തള്ളിപ്പറയുകയാണെന്നും ഭാര്യയും മകൾ ദേവികയും പറയുന്നു. തിരഞ്ഞെടുപ്പ് വരുന്നതിനാൽ പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് പീതാംബരനെ തള്ളിപ്പറയുന്നതെന്നും മകൾ ദേവിക പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയായ പീതാംബരൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ചൊവ്വാഴ്ചയാണ് പൊലീസ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ തനിക്ക് നേരിട്ടു പങ്കുണ്ടെന്ന് പീതാംബരൻ പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകള്‍. കൃപേഷിനെ തലയ്ക്കു വെട്ടിയത് താനാണെന്നും തന്നെ ആക്രമിച്ചതിന്റെ ദേഷ്യം കൊണ്ടാണ് കൊല ചെയ്തതെന്നും പീതാംബരൻ പറഞ്ഞു.