കിനാനൂർ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അഞ്ചു സൈനികർ മഞ്ഞിനടിയിൽ കുടുങ്ങി. കിനാനൂർ ജില്ലയിലെ നംഗ്യ മേഖലയിൽ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഇന്തോ- ടിബറ്റൻ പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.
ഇന്ത്യാ -ചൈന അതിർത്തിയിലെ ഷിപ്കി ലാ സെക്ടറിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിനുമേൽ മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ഇതുവരെ വലിയ തോതിൽ ഹിമപാതമുണ്ടാകാത്ത മേഖലയായ ദോഗ്രി നളയിലാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.