കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് ചരിത്രത്തിൽ ആദ്യമായി 25,000 രൂപ കടന്നു. പവന് ഇന്നലെ 240 രൂപ വർദ്ധിച്ച് 25,160 രൂപയായി. ഗ്രാമിന് 30 രൂപ ഉയർന്ന് 3,145 രൂപയിലെത്തി. ഫെബ്രുവരി 19ന് പവൻ വില കുറിച്ച 24,920 രൂപ എന്ന റെക്കാഡാണ് പഴങ്കഥയായത്. ഗ്രാമിന് അന്നുവില 3,115 രൂപയായിരുന്നു.
കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പവൻ വിലയിലുണ്ടായ വർദ്ധന 760 രൂപയാണ്. ഗ്രാമിന് 95 രൂപയും ഉയർന്നു. ആഗോള വിപണിവിലയിലെ മുന്നേറ്റം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച, വിവാഹ സീസൺ പ്രമാണിച്ചുള്ള മികച്ച ഡിമാൻഡ് എന്നിവയാണ് പൊന്നിൻവിലയുടെ കുതിപ്പിന് വളമാകുന്നത്. 19ന് രാജ്യാന്തരവില ഔൺസിന് 1,325.90 ഡോളറായിരുന്നത് ഇന്നലെ 1,344.90 ഡോളറിലെത്തിയതോടെ ആഭ്യന്തര വിലയും കുതിക്കുകയായിരുന്നു. ഡോളറിനെതിരെ ജനുവരി ആദ്യം 69 എന്ന നിലയിലായിരുന്ന രൂപ ഇപ്പോൾ 71ന് താഴേക്ക് ഇടിഞ്ഞതും വിലക്കുതിപ്പുണ്ടാക്കുന്നു.