news

1. കൊച്ചി നഗരത്തിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചതില്‍ വന്‍ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ തീ കെടുത്തേണ്ട സംവിധാനത്തില്‍ വെള്ളം ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. എമര്‍ജന്‍സി എക്സിറ്റുകള്‍ പ്രവര്‍ത്തന രഹിതം എന്നും പ്രാഥമിക വിലയിരുത്തല്‍. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ് തീ പടര്‍ന്നത് എന്ന് അധികൃതര്‍. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണ്‍ അടക്കം പ്രവര്‍ത്തിക്കുന്ന ആറ് നില കെട്ടിടത്തിന് ആണ് തീ പിടിച്ചത്.


2. ആറ് നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീയോടൊപ്പം ചെറിയ സ്‌ഫോടനങ്ങളും കെട്ടിടത്തില്‍ ഉണ്ടായി. ഗോഡൗണിലെ റബ്ബറിന് തീ പിടിച്ചതോടെ തീ അനിയന്ത്രിതമായി. സമീപ പ്രദേശങ്ങളിലെ ഫ്ളാറ്റുകളില്‍ ഉള്ളവരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ച ശേഷമാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. അഗ്നിശമന സേനയുടെ 18 ഉം നാവികസേനയുടെ രണ്ടും യൂണിറ്റുകള്‍ നാല് മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയം ആയത്. സംഭവത്തില്‍ നഗരസഭ അന്വേഷണം പ്രഖ്യാപിച്ചു.

3. കാസര്‍കോട്ടെ ഇരട്ടക്കൊലക്കേസ് രാഷ്ട്രീയ പകപോക്കല്‍ എന്ന് ഹോസ്ദുര്‍ഗ് കോടതി. കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പീതാംബരനെ ഹോസ് ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുത് എന്നും കോടതി.

4. അതേസമയം, കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി കോടതിയെ അറിയിച്ച് പൊലീസ്. തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ട്. പ്രതി പീതാംബരന്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചു എന്ന് പൊലീസ് റിപ്പോര്‍ട്ട്. വെട്ടി കൊലപ്പെടുത്തിയത്, ഒപ്പം ഉണ്ടായിരുന്നവര്‍ എന്നും റിപ്പോര്‍ട്ട്. പീതാംബരന്റെ സാന്നിധ്യത്തില്‍ നടന്ന തെളിവെടുപ്പില്‍ പൊലീസ് ആയുധങ്ങള്‍ കണ്ടെത്തി ഇരുന്നു

5. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് താനെന്ന് ആയിരുന്നു സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ എ.പീതാംബരന്‍ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍ എന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. മുന്‍പും നിരവധി കേസുകളില്‍ പീതാംബരന്‍ പ്രതി എന്ന് പൊലീസ്.

6. കാസര്‍കോട്ടെ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടംബം നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുടുംബാംഗങ്ങളുടെ പ്രതികരണം, പീതാംബരന്‍ കേസില്‍ ഉള്‍പ്പെട്ടതിന്റെ വിഷമത്തില്‍. കൊലപാതകം, പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ചെന്ന് പീതാംബരന്‍ ഭാര്യയോട് പറഞ്ഞിരിക്കാം. എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കും ഇല്ലെന്നും കോടിയേരി

7. കൊലക്കേസ് പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജനും വ്യക്തമാക്കി ഇരുന്നു. കുറ്റക്കാരാരെ സി.പി.എമ്മോ, സര്‍ക്കാരോ സംരക്ഷിക്കില്ലെന്നും പ്രതികരണം. സംഭവത്തെ അപലപിച്ച് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും രംഗത്ത് എത്തി. പെരിയ കൊലപാതകം നിഷ്ഠൂരവും മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതും. പാര്‍ട്ടി അംഗങ്ങളിലെ ഇത്തരം വ്യതിചലനങ്ങള്‍ ഗുരുതരം. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍ എത്തിക്കണം എന്നും വി.എസ്

8. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്ന് ആയിരുന്നു ഭാര്യ മഞ്ജുവിന്റെ പ്രതികരണം. പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുക ആയിരുന്നു എന്നും ഭാര്യ. കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലപാതകത്തില്‍ പങ്കാളി ആവാന്‍ കഴിയില്ലെന്ന് പീതാംബരന്റെ അമ്മയും പറഞ്ഞിരുന്നു

9. ഭീകരവാദത്തിന് എതിരെ ഒന്നിച്ചു പോരാടാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണ ആയി. ഇന്ത്യയില്‍ എത്തിയ സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് തീരുമാനം. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ഇക്കാര്യം അറിയിക്കുക ആയിരുന്നു

10. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷിക്കണം എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇക്കാര്യത്തില്‍ സൗദിക്കും ഇന്ത്യയ്ക്കും ഒരേ നിലപാടാണ് ഉള്ളത് എന്നും കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന് എതിരെ ഇന്ത്യയുമായി സഹകരിക്കും എന്ന് സല്‍മാന്‍ രാജാവ്. അതേസമയം, അര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാനെ കുറിച്ച് സല്‍മാന്‍ രാജാവ് പരാമര്‍ശിച്ചില്ല

11. പുല്‍വാമ ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ച് ബ്രിട്ടണും. തങ്ങളും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നും അതിനാല്‍ നിലവിലെ അവസ്ഥയെ കുറിച്ച് കൃത്യമായി അറിയാം എന്നും ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഡൊമനിക് അസ്‌ക്വിത്. ആക്രമണത്തില്‍ അഗാധമായ ദുഖം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

12. അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് രാവിലെ 10.30ന് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്ളത്