ന്യൂഡൽഹി: സൗദി അറേബ്യയിലെ റീട്ടെയിൽ രംഗത്ത് ലുലു ഗ്രൂപ്പ് കൂടുതൽ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-സൗദി ബിസിനസ് ഫോറത്തിലാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.
സൗദിയിൽ നിലവിൽ 15 ഹൈപ്പർമാർക്കറ്റുകൾ ലുലുവിനുണ്ട്. 100 കോടി റിയാൽ നിക്ഷേപത്തോടെ 2020ഓടെ 20 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും. ഇതിനകം 100 കോടി റിയാൽ സൗദിയിൽ ലുലു ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുണ്ട്. കിംഗ് അബ്‌ദുള്ള എക്കണോമിക് സിറ്രിയിൽ 200 മില്യൺ സൗദി റിയാൽ നിക്ഷേപത്തോടെ അത്യാധുനിക ലോജിസ്‌റ്രിക് സെന്ററും തുറക്കും. സൗദിയിലെ ലുലു ഗ്രൂപ്പ് ജീവനക്കാരിൽ 40 ശതമാനവും തദ്ദേശീയരാണ്. 2020ഓടെ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5,000 കവിയും.
ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ 15 സൂപ്പർമാർക്കറ്റുകളുടെ ചുമതല ലുലുവിനാണ്. സൗദി നാഷണൽ ഗാർഡിന്റെ ക്യാമ്പുകളിൽ ഷോപ്പിംഗ് സെന്റർ, സൂപ്പർ മാർക്കറ്ര് എന്നിവയുടെ നടത്തിപ്പ് ചുമതലയും ലുലുവിനാണ്. സൗദി കിരീടാവകാശിയുടെ ബഹുമാനാർത്ഥം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ഉച്ചവിരുന്നിലും യൂസഫലി പങ്കെടുത്തു.