kerala-assembly

കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം

കോഴിക്കോട്:ആയിരം ദിവസം മുൻപ് സ്വപ്നം കാണാൻ പോലും കഴിയാത്ത പദ്ധതികളാണ് ഇടതുസർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിൻെറ ഉദ്ഘാടനം കോഴിക്കോട് ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആയിരം ദിനങ്ങൾക്ക് മുൻപ് ജനങ്ങൾക്ക് വികസന സ്വപ്നം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ന് സർവ്വവ്യാപകമായ വികസനമാണ്. അന്ന് കേരളത്തിൽ ഒന്നും നടക്കില്ലെന്ന നിരാശയിലായിരുന്നു അവർ. ഈ സർക്കാർ വന്നപ്പോൾ ചിലതൊക്കെ നടക്കാം എന്ന പ്രതീക്ഷയായി. ആയിരം ദിവസങ്ങൾ കഴിഞ്ഞപ്പോൾ പലതും നടക്കുമെന്ന് ബോദ്ധ്യമായി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം. ആയിരം ദിവസം മുൻപത്തെ കാര്യങ്ങൾ ഓർത്താൽ അത് മനസിലാകും. എന്നാൽ അഴിമതി പൂർണമായും ഇല്ലാതായിട്ടില്ല. ജനങ്ങൾ ഇടപഴകുന്ന താഴെ തലത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ജീവനക്കാർ പ്രതിബദ്ധതയുള്ളവരാണ്. എന്നാൽ ആയിരം ദിവസങ്ങൾക്ക് മുമ്പ് ശീലിച്ചത് ചിലർ മാറ്റിയിട്ടില്ല. പേര് ദോഷമുണ്ടാക്കുന്ന ഒന്നും സംഭവിക്കരുത്. അഴിമതി പൊറുപ്പിക്കാത്ത സർക്കാരാണിത്. സർക്കാരിന്റെ പല പദ്ധതികളും കൃത്യസമയത്ത് പൂർത്തിയാക്കി. നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ ഉടൻ ഉദ്ഘാടനം ചെയ്യും. ശബരിമല വിമാനത്താവളത്തിന്റെ പഠനങ്ങൾ നടക്കുകയാണ്. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയ്ക്ക് 10,000 കോടി രൂപ സർക്കാർ കണ്ടെത്തി. 1000 ദിവസങ്ങൾക്ക് മുമ്പ് ഇത് സ്വപ്നം കാണാൻ പറ്റുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.എൽ.എമാരായ പി.ടി.എ റഹിം, എ പ്രദീപ്കുമാർ, ഇ.കെ വിജയൻ, എം.പി വീരേന്ദ്രകുമാർ എം.പി, കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.