she

മേപ്പാടി (വയനാട്): ജമ്മു കാശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി. എഫ് ജവാൻ വി.വി.വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്ന് വാഴക്കണ്ടി തറവാട്ട് വീട്ടിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മേപ്പാടിക്കടുത്ത് താഴെ അരപ്പറ്റ ഗ്രൗണ്ടിൽ ഭാര്യ കമല‌യ്‌ക്കൊപ്പം ഹെലികോപ്ടറിൽ വന്നിറങ്ങിയ മുഖ്യമന്ത്രി രാവിലെ ഒമ്പത് മണിയോടെയാണ് വസന്തകുമാറിന്റെ വീട്ടിൽ എത്തിയത്. മന്ത്രിമാരായ ഇ.പി.ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഒ. ആർ.കേളു എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തൊഴുകൈകകോളോടെയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് ആവശ്യങ്ങളടങ്ങിയ നിവേദനം ഷീന നൽകി. നിവേദനം വായിച്ച് നോക്കിയ അദ്ദേഹം വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പൊലീസിൽ എസ്.ഐയായി ജോലി തരട്ടെ,അതോ നിലവിലെ ജോലി സ്ഥിരപ്പെടുത്തി തന്നാൽ മതിയോ?.ഏതാണ് വേണ്ടത്‌?.മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ഷീന പെട്ടെന്ന് മറുപടിയൊന്നും പറഞ്ഞില്ല.

നിലവിൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ താത്കാലിക ജീവനക്കാരിയാണ് ഷീന. പൂക്കോട് വെറ്ററിനറി കോളേജിന് സമീപമുള്ള സ്വന്തം വീട് നിൽക്കുന്ന ഭൂമിക്ക് രേഖയില്ലെന്നും അവിടെ വീട് വെക്കണമെന്നും ഷീന ആവശ്യപ്പെട്ടു.സർക്കാർ നൽകിയ അഞ്ച് ഏക്കർ ഭൂമിയിലാണ് ഇപ്പോൾ താമസിക്കുന്നത്.അവിടെ വീട് ഉണ്ടെങ്കിലും പൂർത്തീകരിച്ചിട്ടില്ല. പുതിയ വീട് വച്ച് തരാമെന്ന് മുഖ്യമന്ത്രി ഷീനയോട് പറഞ്ഞു. ഭർത്താവിന്റെ സഹോദരിക്ക് ഒരു ജോലി നൽകണമെന്നും ഷീന ആവശ്യപ്പെട്ടു. വസന്തകുമാറിന്റെ കുട്ടികളായ അനാമിക,അമർദീപ് എന്നിവരോട് കുശലം പറഞ്ഞ് പതിനഞ്ച് മിനിറ്റോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

വസന്തകുമാറിന്റെ ഭാര്യ ആയതിൽ അഭിമാനം തോന്നുന്നു.രാജ്യം ഞങ്ങൾക്കൊപ്പം ഉള്ളതിനാൽ എനിക്കിപ്പോൾ സങ്കടമില്ല. നിങ്ങൾ നൽകുന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി.

ഷീന