കാസർകോട് ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരനെ കൈയൊഴിഞ്ഞ് മുഖം രക്ഷിക്കാൻ സി.പി.എം ശ്രമിക്കുന്നതിനിടെ,​ കൊല നടത്തിയത് താനാണെന്ന് പീതാംബരനും,​ ചെയ്യിച്ചത് പാർട്ടിയാണെന്ന് ഭാര്യ മഞ്ജുവും വെളിപ്പെടുത്തിയതോടെ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. അതേസമയം,​ പീതാംബരന്റെ തീരുമാനം പാർട്ടി തീരുമാനമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തള്ളുകയും ചെയ്‌തു.

പെരിയയിലെ പ്രാദേശിക തർക്കത്തിനിടെ തനിക്കു മർദ്ദനമേറ്റപ്പോൾ പാർട്ടി തിരിഞ്ഞുനോക്കാതിരുന്നതിന്റെ അപമാനം കാരണമാണ് കൊല നടത്തിയതെന്ന് പീതാംബരൻ അന്വേഷണസംഘത്തിനു മൊഴി നൽകി. പെരിയ സംഭവത്തിൽ,​ കാര്യം കഴിഞ്ഞപ്പോൾ പാർട്ടി തങ്ങളെ കൈയൊഴിഞ്ഞെന്നാണ് ഭാര്യയുടെ ആരോപണം. കേരള സംരക്ഷണ യാത്രയ്‌ക്കിടെയുണ്ടായ ഇരട്ടക്കൊലയ്‌ക്കും പ്രതിയുടെ ഭാര്യയുടെ ആരോപണത്തിനും മുന്നണിയിലും അണികളോടും മറുപടി പറയേണ്ട ബാധ്യത കൂടിയായതോടെ സി.പി.എം കടുത്ത സമ്മർദ്ദത്തിലായി.