കൊല്ലം: ഒരാളുടെപോലും വിശ്വാസങ്ങളെയും വികാരങ്ങളെയും മുറിപ്പെടുത്തരുതെന്ന് ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന മഹാസത്‌സംഗിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭക്തരുടെ വിശ്വാസങ്ങൾ മാനിക്കപ്പെടണം. കേരളീയരുടെ ദൈവമാണ് അയ്യപ്പൻ. തമിഴ്നാട്ടിൽ മുരുകനെയാണ് ആരാധിക്കുന്നത്. മഹാരാഷ്ട്രയിൽ ഗണേശനെയും കർണാടകയിൽ ശിവനുമാണ്. ഓരോ പ്രദേശത്തും ഓരോ ദൈവങ്ങളാണ് ആരാധിക്കപ്പെടുന്നത്. എല്ലാ ദൈവങ്ങളും ഒന്നാണ്. അത് സൂര്യ കിരണങ്ങൾ പോലെയാണ്. ഇങ്ങനെ പറഞ്ഞ ശേഷം അദ്ദേഹം അയ്യപ്പനെ പാടിയുറക്കുന്ന ഹരിവരാസനം ആലപിച്ചപ്പോൾ ആയിരക്കണക്കിന് ഭക്തർ ഏറ്റുചൊല്ലി.
പുൽവാമയിലുണ്ടായ ഭീകരാക്രമണം നിർഭാഗ്യകരമാണെന്ന് ഭക്തരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. അതേസമയം അയൽരാജ്യങ്ങളുമായി നല്ലബന്ധമുണ്ടാക്കാനും സർക്കാർ ശ്രമിക്കണം. ജനതയെ ഒന്നാകെ സന്തോഷത്തോടെ ജീവിക്കുന്നതും അഴിമതി ഇല്ലാതിരിക്കുന്നതുമാണ് സദ്ഭരണം. ദൈവചിന്തയിലധിഷ്ഠിതമായ ആത്മീയതയ്ക്ക് മാത്രമേ നവോത്ഥാനവും മാറ്റങ്ങളും സൃഷ്ടിക്കാൻ കഴിയൂ. എല്ലാവർക്കും പലതരത്തിലുള്ള പ്രശ്നങ്ങളുണ്ട്. മനസ് വിശാലമായ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. കുറച്ച് പേരുടെ സ്വപ്നങ്ങൾ സഫലമാകുന്നുണ്ടെങ്കിലും എല്ലാവരുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടും. ദൈവത്തിൽ വിശ്വാസം പുലർത്തിയാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഒരു നല്ല മനസിൽ മാത്രമേ സംവേദനത്വവും കാര്യബോധവും ഉണ്ടാകൂ. എല്ലാവരുടെയും ഹൃദയവും ബുദ്ധിയും ഒരുപോലെ പ്രവർത്തിക്കണം.
നമ്മുടേത് ഒരു മഹാരാജ്യമാണ്. യുവാക്കളിലാണ് നമ്മുടെ പ്രതീക്ഷ. പക്ഷെ വലിയൊരു വിഭാഗം ചെറുപ്പക്കാർ ലഹരിപദാർത്ഥങ്ങൾക്ക് അടിമയാകുന്നു. ഇതിനെതിരെ എല്ലാവരും ഒരുമനസോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.