pro-volley
pro volley



ചെന്നൈ: സെമിഫെനലിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കനത്ത പോരാട്ടത്തെ അതിജീവിച്ച് ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രോ വോളി ലീഗിന്റെ ഫൈനലിൽ കടന്നു.ഇതോടെ രണ്ട് കേരള ക്ളബുകൾ തമ്മിലുള്ള കലാശക്കളിയെന്ന സ്വപ്നം തകർന്നു.
ഇന്നലെ ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്കായിരുന്നു ആതിഥേയരുടെ ജയം. സ്‌കോർ 16-14, 9-15, 10-15, 15-8, 15-13.
ആദ്യ സെറ്റുമുതൽ കനത്ത പോരാട്ടമായിരുന്നു അരങ്ങേറിയത്. മിന്നുന്ന സ്മാഷുകളും മികച്ച ബ്ലോക്കുകളുമായി കളംനിറഞ്ഞ ഇരുടീമുകളും ഇഞ്ചോടിഞ്ചു പോരാട്ടം പുറത്തെടുത്തു.
ടൈബ്രേക്കറിലേക്കു നീണ്ട ആദ്യ സെറ്റ് ചെന്നൈ 16-14ന് സ്വന്തമാക്കിയപ്പോൾ അത്യൂജ്ജ്വല തിരിച്ചടിയുമായാണ് കൊച്ചി മത്സരത്തിലേക്കു തിരികെയെത്തിയത്. രണ്ടാം സെറ്റ് 15-9നും മൂന്നാം സെറ്റ് 15-10നും നേടി അവര്‍ 2-1 ലീഡ് സ്വന്തമാക്കി.
എന്നാല്‍ ആരാധകപിന്തുണയിൽ തിരിച്ചുവന്ന ചെന്നൈ നാലാം സെറ്റ് 15-8ന് സ്വന്തമാക്കി മത്സരം നിർണായകമായ അഞ്ചാം സെറ്റിലേക്ക് നീട്ടി. അവസാന സെറ്റില്‍ കൊച്ചി താരങ്ങൾ ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്ന് ചെന്നൈ 15-13ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

നാളെ നടക്കുന്ന ഫൈനലിൽ കലിക്കറ്റ് ഹീറോസാണ് ചെന്നൈയുടെ എതിരാളികൾ. ആദ്യ സെമിയിൽ യു മുംബൈയെ 15-12, 15-9, 16-14 എന്ന നേരിട്ടുള്ള സെറ്റുകൾക്കു തോല്‍പിച്ചാണ് കലിക്കറ്റ് ഹീറോസ് ഫൈനലിൽ എത്തിയത്.