gulf-

ന്യൂഡൽഹി : ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്തുമെന്ന് സൗദി അറേബ്യ. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം. നിലവിൽ ഒരു ലക്ഷത്തി എഴുപത്തി ആയ്യായിരമാണ് ഇന്ത്യയുടെ ക്വാട്ട.

ഇന്ത്യയിലേക്കുള്ള സൗദി പൗരൻമാർക്ക് ഇ- വിസ അനുവദിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ത്യ – സൗദി സെക്ടറില്‍ വിമാന സർവീസ് വർദ്ധിപ്പിക്കാനും ഉഭയകക്ഷി ചർച്ചയിൽ തീരുമാനിച്ചു.

ഭീകരതയ്ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ നേരത്തെ അറിയിച്ചിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദ്ദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. അതേസമയം, പാകിസ്താനെ കുറിച്ചും അതിർത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരൻ പരാമർശിച്ചില്ല.

ഭീകരവാദത്തെ ഇരു രാഷ്ട്രങ്ങളും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നും സൗദി കിരീടാവകാശി പ്രതികരിച്ചു. ഞങ്ങളുടെ ഉറ്റ സുഹൃത്തുക്കളായ ഇന്ത്യയുമായി എല്ലാ സഹകരണത്തിനും തയാറാണ്. വരുംതലമുറയ്ക്ക് മികച്ച ഭാവി ലഭിക്കുന്നതിനു എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.