പുതുക്കാട്: കുറുമാലിയിൽ ദേശീയപാതയ്ക്കും റെയിൽവേ ട്രാക്കിനും ഇടയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് പുല്ലിന് തീപിടിച്ചത് ട്രാക്കുകൾക്ക് ഇടയിലേക്ക് പടർന്നതോടെ ട്രെയിൻ ഗതാഗതം നിറുത്തിവച്ചു. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെനേരം പണിപ്പെട്ടാണ് തിയണച്ചത്. തീ പടർന്ന സമയത്തെത്തിയ കൊച്ചുവേളി എക്‌സ്‌പ്രസ് നന്തിക്കര ഗേറ്റിന് സമീപത്തും, ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ ട്രെയിൻ പുതുക്കാട് സ്റ്റേഷനിലും ഒരു മണിക്കൂറോളം നിറുത്തിയിട്ടു. ട്രാക്കുകൾക്കിടയിലെ തീയണച്ച ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. ഉച്ചയ്ക്ക് ഒന്നോടെയാണ് പുല്ലിന് തീപിടിച്ചത്.