കൊല്ലം: എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മോട്ടോർ എക്സോപയിലെ അഭ്യാസപ്രകടനത്തിനിടെ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച മോട്ടോർ എക്സ്പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ കാറിന് നിയന്ത്രണം നഷ്ടമായി കാഴ്ചക്കാരായി നിന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബാരിക്കേഡുകൾ ഇടിച്ചു തകർത്താണ് കാർ വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റ വിദ്യാർത്ഥികളായ റോഷൻ, വൈശാഖ് ചന്ദ്രൻ എന്നിവർ ആശുപത്രിയിൽ ഗുരുതരവാസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. കാർ ഓടിച്ച ഉണ്ണികൃഷ്ണൻ എന്നയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.