kasarkode

പെരിയ: കാസർകോട്ട് കല്യോട്ട് ​യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. എച്ചിലടക്ക സ്വദേശി സജി ജോർജ് ആണ് അറസ്റ്റിലായത്. ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തവരിൽ ഒരാളാണ് സജി ജോർജ്. പ്രതികൾക്ക് വാഹനം സംഘടിപ്പിച്ചുകൊടുത്തത് സജി ജോർജാണെന്ന് പൊലീസ് പറഞ്ഞു.

യൂത്ത്‌കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി. എം പെരിയലോക്കൽ കമ്മറ്റി അംഗമായ പീതാംബരനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുൻവൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നാണ് പീതാംബരൻ മൊഴി നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സി.പി.എം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.