ന്യൂഡൽഹി : രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെയും ഉത്തരവനുസരിച്ച് വനത്തിൽ നിന്നും ഒഴിപ്പിക്കേണ്ടി വരും. ജൂലായ് 27 നു മുൻപ് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
വനാവകാശ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ആദിവാസികൾക്ക് വനഭൂമിയിൽ അവകാശം നൽകാൻ 2006ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമത്തിന്റെ സാധുതക്കെതിരെ ഏതാനും വന്യജീവി സംരക്ഷണ സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പരമ്പരാഗതമായി വനഭൂമി കൈവശം വെച്ചിരിക്കുന്ന മുഴുവൻ ആളുകളെയും വനഭൂമിയിൽ നിന്ന് പുറത്താക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഇൗ മാസം 13ന് ഏറ്റവും ഒടുവിൽ പരിഗണിച്ചപ്പോഴും കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് പുതിയ ഉത്തരവിൽ കലാശിച്ചത്.
കേരളത്തിൽ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തി. അടുത്ത വാദം കേൾക്കലിന് മുൻപ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. വനാവകാശ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഈ 894 കുടുംബങ്ങളെ യഥാസമയം ഒഴിപ്പിച്ചില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപീം കോടതി നിർദേശിച്ചു