pk-firoz-

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്ത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ യൂത്ത് ലീഗ് വഹിക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുത്തത് വാർത്തയായിരുന്നു. സ്വന്തം വിവാഹസത്കാരം വരെ മാറ്റിവെച്ച് എടുത്ത ഈ തീരുമാനത്തെ പ്രശംസിക്കാനും ഫിറോസ് മറന്നില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കാസർകോട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത്തിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ ഏറ്റെടുക്കാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. വീട് സന്ദർശിച്ച് കുടുംബ സാഹചര്യം പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് വിവാഹച്ചെലവ് ഏറ്റെടുക്കാമെന്ന് തങ്ങൾ അറിയിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഏറ്റെടുത്തിട്ടുണ്ട്. മകന്റെ വിവാഹ സൽക്കാരമുൾപ്പെടെ ഉപേക്ഷിച്ചാണ് ഇത്തരമൊരു തീരുമാനം അദ്ദേഹം എടുത്തത്. ഈ തീരുമാനത്തിന് പിന്തുണയേകിയതാവട്ടെ അദ്ദേഹത്തിന്റെ മകനും മരുമകളും. ഇരുവരും തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.