ഇന്ത്യയിൽ ഏറ്റവും അധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന നേട്ടം ഇനി മുംബയ് സ്വദേശി തേജസ്വി പ്രഭൂൽക്കർക്ക്. 103 ടാറ്റൂകളുമായി ഇന്ത്യയിൽ ഏറ്റവുമധികം ടാറ്റൂ ചെയ്ത സ്ത്രീ എന്ന പദവി സ്വന്തമാക്കിയ തേജസ്വി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
എന്നാൽ ടാറ്റൂ ഭ്രാന്ത് കാരണം മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളുമെല്ലാം തേജസ്വിയെ തള്ളിപ്പറഞ്ഞു. തേജസ്വിക്ക് ഭ്രാന്താണെന്നു പറഞ്ഞു നാട്ടുകാർ അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി തേജസ്വി പറയുന്നു.
ടാറ്റൂ കലാകാരിയും, ചിത്രകാരിയും മോഡലുമാണ് തേജസ്വി. 17ാമത്തെ വയസിലാണ് ആദ്യമായി തേജസ്വി ടാറ്റൂ ചെയ്യുന്നത്. തന്റെ പേരു തന്നെയാണ് അന്ന് ശരീരത്തിൽ ടാറ്റൂവായി ചെയ്തത്. പലരും തന്റെ പേര് തെറ്റിച്ച് തേജസ്വിനി, തേജശ്രീ എന്നെല്ലാം വിളിച്ചതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഈ പെൺകുട്ടി പറയുന്നു.
ചെറുപ്പം മുതലേ വരയോട് താത്പര്യമുള്ള തേജസ്വി പിന്നീട് ടാറ്റൂ തന്റെ ജീവിത മാർഗമായി സ്വീകരിച്ചു. ഈ ടാറ്റൂ പ്രേമം മൂലം വീട്ടുകാര്‍ തേജസ്വിയെ ഉപേക്ഷിച്ചു, പാതിവഴിയിൽ പഠനവും ഉപേക്ഷിക്കേണ്ടി വന്നു.
‘കഴിഞ്ഞവർഷമാണ് ഡിഗ്രി പഠനം ഉപേക്ഷിച്ചത്. കോളേജിലുള്ളവര്‍ കരുതിയത് എനിക്ക് ഭ്രാന്തായെന്നാണ്. പക്ഷെ ടാറ്റൂ ആർട്ടിസ്റ്റായി ജീവിക്കാൻ തീരുമാനിച്ച എനിക്ക് ഈ ഡിഗ്രികൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല,’ തെജസ്വി പറയുന്നു.
തന്റെ 21 വയസുവരെയുള്ള ജീവിതത്തിലെ ഓർമകളാണ് തേജസ്വി ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. ദിവസത്തിൽ ആറ് ടാറ്റൂ വച്ചൊക്കെയാണ് ചെയ്യുന്നത്. ഇനിയും കൂടുതൽ ടാറ്റൂ ചെയ്യാനാണ് തേജസ്വിയുടെ തീരുമാനം