തിരുവനന്തപുരം: മൺകലത്തിൽ പൊങ്കാലയും മനസിൽ ഭക്തിയും പതഞ്ഞുപൊന്തിയ പകൽ സമ്മാനിച്ച് തലസ്ഥാന നഗരം ആറ്റുകാലമ്മയുടെ പ്രിയസന്നിധിയായി മാറിയപ്പോൾ നാനാഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾക്ക് ആതിഥ്യമരുളി നഗരവാസികളും നിർവൃതി പൂണ്ടു. കത്തുന്ന വേനലിനൊപ്പം പൊങ്കാലച്ചൂടും കൂടി ഉയർന്നപ്പോൾ നഗരം യാഗഭൂമിയായി. വാക്കിലും നോക്കിലും മനസിലും ആറ്റുകാൽ ദേവിയെ നമിച്ച് ലക്ഷക്കണക്കിന് ഭക്തകൾ മഹാപൊങ്കാല അർപ്പിച്ച് സായൂജ്യമടഞ്ഞു. കുംഭച്ചൂടിൽ നാമജപങ്ങളോടെ ജ്വലിച്ച കലങ്ങളിൽ നിന്ന് നിവേദ്യം തിളച്ച് തൂവിയപ്പോൾ അത് ആത്മനിർവൃതിയുടെ ഹൃദയപ്പൊങ്കാലയായി.
നഗരത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ആറ്റുകാൽ പൊങ്കാലയെ വരവേൽക്കാൻ ദിവസങ്ങൾക്ക് മുൻപേ നഗരവാസികളും അധികൃതരും ചേർന്നൊരുക്കിയ മികച്ച സജ്ജീകരണങ്ങളിൽ ഒരാണ്ടിന്റെ പൊങ്കാല ഒരുക്കങ്ങൾക്ക് മികച്ച പരിസമാപ്തി. മാസങ്ങൾക്ക് മുൻപേ പൊലീസും ഫയർഫോഴ്സും നഗരസഭാ അധികൃതരും പൊങ്കാലയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയപ്പോൾ വീടും പരിസരവും തൂത്ത് തളിച്ച് വൃത്തിയാക്കി ഭക്തരെയും കാത്തിരിക്കുകയായിരുന്നു നഗരവാസികൾ. നഗരത്തിലെ വീടുകളും സ്ഥാനങ്ങളും നാനാമതസ്ഥരുടെ ആരാധനാലയങ്ങളും പതിവ് പോലെ ഭക്തർക്കായി മലർക്കെത്തുറന്നിരുന്നു. ഗതാഗതം സുഗമമാക്കാൻ റോഡിന് ഇരുവശം മാത്രമേ പൊങ്കാല അർപ്പിക്കാൻ പാടുള്ളൂ എന്ന അധികൃതരുടെ അറിയിപ്പ് ഭക്തർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിനാൽ തന്നെ പൊങ്കാല അടുപ്പുകളിൽ അധികവും കൂട്ടിയത് വീടുകളുടെയും സ്ഥാപനങ്ങളുടെയും മുറ്റത്തായിരുന്നു.
പൊങ്കാലയുടെ തലേ ദിവസം വൈകിട്ട് മുതൽ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുപ്പുകൾ നിറഞ്ഞിരുന്നു. ഇരുപത്തഞ്ച് ലക്ഷത്തോളം പേരാണ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പൊങ്കാലയ്ക്കായി തലസ്ഥാനത്ത് സംഗമിച്ചത്. ഒരറ്റത്ത് വേളി വരെയും മറ്റേ അറ്റത്ത് തിരുവല്ലം വരെയും അടുപ്പുകൾ നീണ്ടു.
10.15ന് ക്ഷേത്രമുറ്റത്തെ പൊങ്കാല അടുപ്പിൽ തിരിതെളിഞ്ഞ് ജ്വാലയുണർന്നപ്പോൾ ആ തിരിനാളം മിനിട്ടുകൾ കൊണ്ട് നഗരം മുഴുവൻ തെളിഞ്ഞുകത്തി. ആകാശത്ത് ആ സമയം കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നു. എങ്ങും ചൂടും പുകയും നിറഞ്ഞു. അമ്മേ ശരണം വിളികളും മുഴങ്ങി. 10.30ന് തിളച്ചുവരുന്ന വെള്ളത്തിലേക്ക് അമ്മയെ മനസിൽ ധ്യാനിച്ചുകൊണ്ട് ഭക്തർ അരികഴുകിയിട്ടു. എല്ലാവർക്കും പ്രാർത്ഥനയ്ക്ക് ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു. ജോലി കിട്ടാൻ, വിവാഹം നടക്കാൻ, സന്തതിയുണ്ടാകാൻ, രോഗങ്ങൾ മാറാൻ എന്നിങ്ങനെ വ്യക്തിപരമായ പ്രാർത്ഥനകളും. അതോടൊപ്പം സർക്കാരിന് സദ്ബുദ്ധി തോന്നാനും പൊതു പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഹർത്താലിനെതിരെയും കെ.എസ്. ആർ.ടി.സി എംപാനൽ ജീവനക്കാരും വിദേശികളും അടക്കം അമ്മയ്ക്ക് പൊങ്കാലയർപ്പിച്ചവരുമുണ്ട്. മംഗളമംഗല്യയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ലക്ഷക്കണക്കിന് നേർച്ചക്കലങ്ങളിൽ പൊങ്കാലയായി തിളച്ചുതൂവി. ആർപ്പുവിളികൾ മുഴങ്ങി. കർപ്പൂരാരതികൾ നിറഞ്ഞു. എല്ലായിടവും ദേവഭൂമിപോലെ വിശുദ്ധമായ പൊങ്കാലപ്പുകയിൽ മൂടി.
12.30 ഓടെ പായസവും തെരളിയും വെന്തുപാകമായി. വാഴയിലയിട്ട് മൂടിവച്ച് ദേവീസ്തുതികളുമായി അവർ കാത്തിരുന്നു. കുടിവെള്ളവും തണ്ണിമത്തൻജൂസുമായി വോളന്റിയർമാർ പാഞ്ഞു നടന്നു. ആർക്കെങ്കിലും ശാരീരിക അസ്വസ്ഥത തോന്നിയാൽ സഹായിക്കാൻ എല്ലായിടത്തും മെഡിക്കൽ സംഘങ്ങളുണ്ടായിരുന്നു. സർവസന്നാഹങ്ങളുമൊക്കി പൊലീസും ഫയർഫോഴ്സും അടക്കമുള്ള സേനകൾ സദാ നഗരം ചുറ്റിക്കൊണ്ടിരുന്നു. ഇതിനിടെ ചിലർ തളർന്നു വീണു. ആംബുലൻസുകൾ ആശുപത്രിയിലേക്ക്. ഡോക്ടർമാരും നഴ്സുമാരും ജനറൽ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രത്യേക ജാഗ്രതയോടെ സേവനസന്നദ്ധരായി നിലകൊണ്ടു.
ഉച്ചയോടെ അന്നദാനത്തിന്റെ മണിക്കൂറാണ് പിന്നെ പിറന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും അന്നദാനം നടന്നു. സന്നദ്ധസംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അന്നദാനത്തിന് സംവിധാനങ്ങൾ ഏറെയായിരുന്നു. എല്ലായിടത്തും വലിയ ക്യൂവായിരുന്നു. ഭക്ഷണം എല്ലാവർക്കും കിട്ടിയെന്നുറപ്പാക്കാൻ വോളന്റിയർമാർ ഓടി നടന്നു. പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ഹരിത ചട്ടം പക്ഷേ പലയിടത്തും ഫലം കണ്ടില്ല. പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളും അന്നദാനവേളയിൽ നഗരത്തിൽ സുലഭമായിരുന്നു.
വിപുലമായ ഒരുക്കങ്ങളാണ് ഈ വിശുദ്ധ യജ്ഞത്തിനായി നഗരസഭ നടത്തിയത്. എല്ലാറ്റിനും മേൽനോട്ടം വഹിച്ച് രാവിലെ മേയർ വി.കെ. പ്രശാന്ത് നഗരം മുഴുവൻ സന്ദർശിച്ചു. വെള്ളം, വൈദ്യുതി, ഫയർഫോഴ്സ്, ഭക്ഷണം എല്ലാറ്റിനും സംവിധാനങ്ങൾ സദാ ജാഗരൂകമായി. വാഹനപാർക്കിംഗും ഗതാഗതവും സുരക്ഷയും നിയന്ത്രിച്ച് പൊലീസ് സന്നാഹം ജാഗ്രതയോടെ നിലകൊണ്ടു. എന്തിലും ഏതിലും അമ്മമയമായിരുന്നു.
2.15 ന് വീണ്ടും ചെണ്ടമേളവും പ്രാർത്ഥനയും മുഴങ്ങി. തൃക്കൺപായിച്ച് പായസം നുകർന്നു. 250 ശാന്തിക്കാരാണ് തീർത്ഥം തളിക്കാൻ നാടാകെ പാഞ്ഞത്. അവരെ യഥാസ്ഥലങ്ങളിൽ എത്തിക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ ബൈക്കുമായി കാത്തുനിന്നിരുന്നു. അരമണിക്കൂർ കൊണ്ട് അവർ പലദിക്കുകളിൽ പാഞ്ഞെത്തി. ആകാശത്ത് നിന്ന് അനന്തപുരിയുടെ മാറിലേക്ക് ആ സമയം പുഷ്പവൃഷ്ടി നടന്നു. പിന്നെ മടക്കയാത്ര. നാലര മണിക്കൂർ ഒരേ മനസോടെ നിന്ന ഭക്തർ, തീർത്ഥം തളിച്ച് പുണ്യപൊങ്കാലക്കലങ്ങളുമേന്തി മടങ്ങി. അടുത്ത തവണയും ഭാഗ്യമേകണേ എന്ന പ്രാർത്ഥനയോടെ. നഗരവാസികൾ നേരത്തേ വീട് പിടിച്ചപ്പോൾ വിദൂരങ്ങളിൽ നിന്നെത്തിയവർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കാത്ത് നിന്ന് വീടെത്തിയപ്പോൾ പാതിരാവ് പിന്നിട്ടു. റോഡുകളിൽ നിറയെ വാഹനങ്ങളായിരുന്നു. ഒന്നര ദിവസം മുമ്പേ വന്ന് കാത്ത് കിടന്നവർ വരെ ക്ഷീണം തട്ടാത്ത മനസുമായി ആറ്റുകാലമ്മയെ വണങ്ങി നഗരത്തോട് യാത്ര പറഞ്ഞു. ഒരാണ്ടിന്റെ കാത്തിരിപ്പിന് സാഫല്യം.