തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിൽ പൂർണമായി ഹരിതചട്ടം നടപ്പാക്കുന്നതിന് നഗരസഭ വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അത് നടപ്പിലായില്ലെന്നതാണ് വാസ്തവം. അതിന് ഉത്തമ ഉദാഹരണങ്ങളാണ് പൊങ്കാല കഴിഞ്ഞ് നഗരത്തിന്റെ പലഭാഗങ്ങളിൽ കൂടിക്കിടന്ന പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും. അന്നദാനം വിളമ്പിയ ചില സന്നദ്ധ സംഘടനകളാണ് പണി പറ്റിച്ചത്. നഗരസഭയിൽ നിന്നുള്ള പ്ലേറ്റുകളും ഗ്ലാസുകളും കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് വിതരണം ചെയ്യാൻ തികഞ്ഞത്. ഇത്തവണ കൂടുതൽ പ്ലേറ്റും ഗ്ലാസുകളും എത്തിക്കാൻ ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചെങ്കിലും മികച്ച പ്രതികരണമുണ്ടായില്ല. പ്ലേറ്റും ഗ്ലാസുകളും കൈയിൽ കരുതണമെന്ന് ഭക്തരോടുള്ള അധികൃതരുടെ നിർദ്ദേശം പാലിക്കപ്പെട്ടു. പാള പ്ലേറ്റിലും ഇലകളിലും അന്നദാനം വിളമ്പിയ ഒട്ടേറെ റസിഡന്റ്സ് അസോസിയേഷനുകളുമുണ്ട്.
പൊങ്കാലയുടെ ഭാഗമായി റോഡ് അലങ്കാരവും ദീപാലങ്കാരവും അന്നദാനവും കുടിവെള്ള വിതരണവും സംഘടിപ്പിക്കുന്ന ക്ലബുകൾ, സംഘടനകൾ, സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരോട് നേരത്തേ തന്നെ അറിയിച്ചെങ്കിലും പലയിടങ്ങളിലും അത് നടപ്പായില്ല. പൊങ്കാല ദിവസം വാഹനങ്ങളിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്നവർ ഭക്ഷണ സാധനങ്ങൾ വ്യാപകമായി പാഴാക്കിക്കളയുന്നതും പലയിടത്തും കണ്ടു.
ഹരിത ചട്ടം നടപ്പാക്കുന്നതിനും മോണിട്ടറിംഗ് നടത്തുന്നതിനും നഗരസഭ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ യുവജനങ്ങളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഹരിതചട്ടം സംബന്ധിച്ച പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് പൊങ്കാല നടക്കുന്ന പ്രദേശം കേന്ദ്രീകരിച്ച് ഹരിത മതിലും തീർത്തിരുന്നു.