തിരുവനന്തപുരം: താത്കാലിക ജോലിയിലുള്ള ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് സ്ഥിരനിയമനം ലഭിക്കുന്നതിന് ഒറ്റയാൺപൊങ്കാല. നെട്ടയം മുക്കോല സ്വദേശി അരുൺമോഹൻ ആണ് സ്ഥിരനിയമനത്തിനായി പൊങ്കാല സമർപ്പിച്ചത്. ശ്രീചിത്രയിൽ താത്കാലിക ജീവനക്കാരനായിരുന്നു ഭിന്നശേഷിക്കാരനായ അരുൺ. മൂന്നു വർഷമായി ഇയാളുടെ താത്കാലിക ജോലി നഷ്ടപ്പെട്ടിട്ട്.
ശ്രീചിത്രയിൽ ആറുമാസം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ചെയ്തിരുന്നു. പിന്നീട് അവിടുന്ന് പിരിഞ്ഞുപോകേണ്ടി വന്നു. കൊടിപിടിക്കാൻ പോയാൽ ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞവരോട് ജോലിതന്നാൽ കൊടിപിടിക്കാൻ വരാമെന്നാണ് അരുൺ പറഞ്ഞത്. തങ്ങളെ പോലുള്ള ഭിന്നശേഷിക്കാരായ താത്കാലിക ജീവനക്കാർക്ക് സ്ഥിരനിയമനം കിട്ടാൻ വേണ്ടിയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചതെന്ന് അരുൺ പറഞ്ഞു.