തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയെന്നാൽ ആറ്റുകാൽ ക്രിക്കറ്റ് ക്ളബ്ബിലെ ഒരു കൂട്ടം യുവാക്കൾക്ക്, സ്ത്രീ ഭക്തരെ പോലെ തന്നെ ആത്മസമർപ്പണത്തിന്റെ സമയമാണ്. കാരണം വേറൊന്നുമല്ല, ക്ഷേത്രത്തിന് സമീപത്ത് പൊങ്കാലയിടാനായി എത്തുന്നവർക്ക് മുടക്കമില്ലാതെ അന്നം നൽകിയാണ് അവർ ആത്മനിർവൃതിയടയുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി പൊങ്കാല സമയത്ത് ഇത്തരത്തിൽ അന്നദാനം നടത്തി വരികയാണ് ഇവർ.
ഇത്തവണത്തെ പൊങ്കാലയിൽ ഏതാണ്ട് ഏഴായിരത്തോളം പേർക്കാണ് ഈ ചെറുപ്പക്കാർ ഭക്ഷണം വിളമ്പിയത്. ഫ്രൈഡ് റൈസിനൊപ്പം അച്ചാർ, പപ്പടം, അവിയൽ, സാലഡ്, ഐസ്ക്രീം, മിനറൽ വാട്ടർ എന്നിവയാണ് ഇവർ ഭക്തർക്കായി വിതരണം ചെയ്തത്. പേരൂർക്കടയിൽ കാറ്ററിംഗ് യൂണിറ്റ് നടത്തുന്ന രാജീവാണ് ഭക്തർക്കായി ഭക്ഷണം എത്തിച്ചത്.
ശ്യാം, ശങ്കർ, ജഗദീഷ്, സരോഷ്, മുകേഷ്, രാജേഷ്, വിനോദ് എന്നിവരാണ് ക്ളബിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നത്. ഇവരെ കൂടാതെ വലിയൊരു കൂട്ടം ചെറുപ്പക്കാരും ഈ ക്രിക്കറ്റ് ക്ളബിന്റെ പിൻനിരയിൽ അശ്രാന്തം പരിശ്രമിക്കുന്നു. ഇവരിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടിവുമാർ, ഫീൽഡ് അസിസ്റ്റന്റുമാർ എന്നിങ്ങനെ വിവിധ ജോലികൾ ചെയ്യുന്നവരുണ്ട്. പൊങ്കാലക്കാലത്ത് ക്ളബ് അംഗങ്ങൾ ഓരോരുത്തരും 5000 രൂപ വരെ സംഭാവന ചെയ്താണ് ഭക്തർക്കുള്ള ഭക്ഷണം ഒരുക്കുന്നത്. പ്രധാന ഭാരവാഹികൾ ചിലപ്പോൾ അതിൽ കൂടുതൽ തുകയും സംഭാവന ചെയ്യാറുണ്ട്. നല്ലൊരു കാര്യത്തിന് വേണ്ടി ആയതിനാൽ പണം കൂടുതൽ മുടക്കാൻ ആരും മടി കാണിക്കാറില്ലെന്ന് ചുമതലക്കാരിൽ ഒരാളായ ശ്യാം പറഞ്ഞു.
ക്ളബിന്റെ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തും മറ്റ് ജില്ലകളിലുമൊക്കെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് കിട്ടുന്ന തുക കൊണ്ടാണ് ക്ളബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അതല്ലാതെ പൊതുജനങ്ങളിൽ നിന്നോ കടകളിൽ നിന്നോ മറ്റൊരു തരത്തിലും സംഭാവനകൾ പിരിക്കാറില്ല. ഓരോ ടൂർണമെന്റിലും വിജയികളാകുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്ന് നിശ്ചിത തുക മുടക്കി ക്ഷേത്രത്തിലേക്ക് രണ്ട് ചാക്ക് അരി വീതം ഇവർ സംഭാവന നൽകുകയും ചെയ്യും. മത്സരങ്ങളിൽ പരാജയപ്പെട്ടാലും അങ്ങനെ തന്നെ. പൊങ്കാല അവസാനിക്കുന്നതോടെ നഗരം ക്ളീൻ ചെയ്യാനെത്തുന്ന നഗരസഭയുടെ ജീവനക്കാർക്കൊപ്പം ക്ഷേത്രത്തിന് സമീപത്തെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ഈ യുവാക്കൾ ഉണ്ടാകും.